ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായി എത്തിയ പാൻ-ഇന്ത്യൻ ചിത്രമാണ്’ലക്കി ഭാസ്കർ.’ ചിത്രത്തിലെ വീഡിയോ ഗാനം നാളെ റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ജി.വി. പ്രകാശ് കുമാർ സംഗീതം പകർന്ന “മിണ്ടാതെ” എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ വീഡിയോയാണ് നാളെ വൈകുന്നേരം 4.05 ന് പുറത്തുവരുന്നത്. ഒക്ടോബർ 31-ന് ദീപാവലി റിലീസായി ചിത്രം പ്രദർശനത്തിനെത്തും.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെയർ ഫിലിംസാണ് ‘ലക്കി ഭാസ്കർ’ കേരളത്തിൽ വിതരണം ചെയ്യുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം, സിതാര എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗവംശിയും സായി സൗജന്യയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.
വാത്തി എന്ന ഹിറ്റായ ധനുഷ് ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്കർ’, 1980-1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ പീരീഡ് ഡ്രാമയാണ്. ദുൽഖർ സൽമാൻ ഒരു ബാങ്ക്റുടെ വേഷത്തിലാണെത്തുക. മീനാക്ഷി ചൗധരിയാണ് നായിക. ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.
ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ് ബജറ്റ് ചിത്രം പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്റെ നേതൃത്വത്തിലുള്ള വമ്പൻ സെറ്റുകളിലാണ് ചിത്രീകരിച്ചത്. ജി.വി. പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിൻറെ ഛായാഗ്രഹണം നിമിഷ് രവിയും, നവീൻ നൂലി എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു.
‘ലക്കി ഭാസ്കർ’ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന പാൻ-ഇന്ത്യൻ ചിത്രമാണ്.