ചെന്നൈയില്‍ 24 മണിക്കൂറിനിടെ പെയ്തത് 46 മില്ലി മീറ്റര്‍ മഴ
ചെന്നൈ: ചെന്നൈയില്‍ മഴക്കാലം പതിവുപോലെ ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ അതിശക്തമായ മഴയില്‍ ചെന്നൈയുടെ പാതി സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. ന്യൂനമര്‍ദത്തിനൊപ്പം വടക്കുകിഴക്കന്‍ മണ്‍സൂണ്‍ വന്നതും വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണമായി. വലിയ നഗരമാണെങ്കിൽ പോലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും മഴക്കാലത്ത് കാല്‍നടയാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളിലും കുപ്രസിദ്ധിയാണ് ചെന്നൈക്കുള്ളത്. വന്‍തുക മുടക്കി പലതും ചെയ്തെങ്കിലും കാല്‍നടയാത്രക്കാര്‍ക്ക് എന്നും മഴക്കാലം ദുരിതം മാത്രമാണ് സമ്മാനിക്കുന്നത്.
ഡ്രയ്നേജ് സംവിധാനത്തിന്റെ അപര്യാപ്തത റോഡിനെയും തോടാക്കി മാറ്റി. അതിശക്തമായ മഴയില്‍ ചെന്നൈയിലെയും സമീപ ജില്ലകളിലെയും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധി ഒക്ടോബര്‍ 16 ലേക്ക് നീട്ടി. ഒക്ടോബര്‍ 16, 17 തീയതികളില്‍ തിരുവള്ളൂര്‍, ചെന്നൈ, ചെങ്കളപ്പട്ട്, കാഞ്ചീപുരം ജില്ലകളില്‍ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 12 വിമാനങ്ങള്‍ റദ്ദാക്കി.
പെരമ്പൂര്‍ റെയില്‍വേ സബ് വേ, ഗണേശപുരം, സുന്ദരം പോയിന്റ് , ദുരൈസാമി മാഡ്ലി തുടങ്ങിയ സബ് വേകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. വേളാച്ചേരി, തിരുവുള്ളൂര്‍ പ്രദേശങ്ങള്‍ മഴയില്‍ മുങ്ങി. ഇവിടുത്തെ ജനങ്ങളെ ബോട്ടുകള്‍ എത്തിയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയത്. മഴ കനത്താല്‍ കൂടുതല്‍ പ്രദേശങ്ങളും വെള്ളപ്പൊക്കം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്ദ്ദത്തിന്രെ ശക്തി കുറയുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.