തിരുവനന്തപുരം : അമിത വേഗത്തിൽ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച നടൻ ബൈജുവിന്റെ ആഡംബര കാർ, കഴിഞ്ഞ ഒരു വർഷമായി സംസ്ഥാനത്ത് എല്ലാ നിയമങ്ങളും ലംഘിച്ചെന്ന് റിപ്പോർട്ട്. ഹരിയാന ഗുരുഗ്രാം സെക്ടർ 49 -ൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനം കേരത്തിൽ ഓടിക്കുന്നതിനുള്ള എൻ.ഒ.സി ഉൾപ്പെടെയുള്ളവ ഹാജരാക്കകിയിട്ടില്ലെന്ന് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. വാഹനം ഓടിച്ച് 30 ദിവസത്തിനുള്ളിൽ എൻ. ഒ. സി ഹാജരാക്കണം എന്നാണ് വ്യവസ്ഥ. റോഡ് നികുതിയും അടച്ചിട്ടില്ല. മാത്രമല്ല , കഴിഞ്ഞ ഒരു കൊല്ലത്തിനിടെ കാറിൽ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഇതിന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഉദ്യോഗസ്ഥർ ഏഴ് വട്ടം പിഴയും ചുമത്തിയിട്ടുണ്ട്. കേരളത്തിലെ റോഡിലിറക്കുമ്പോൾ വേണമെങ്കിൽ ഒരു വർഷത്തേക്ക് മാത്രമായി കാർ ഓടിക്കാനുള്ള പ്രത്യേക അനുമതി വാങ്ങാവുന്നതാണ്. ബൈജു അതും ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, എല്ലാ തവണയും പിഴ ഓൺലൈനിലൂടെ അടയ്ക്കുകയും നിയമലംഘനങ്ങള്‍ അറിയപ്പെടാതെയിരിക്കുന്നതിന് ബൈജു ഏറെ ജാഗ്രത പുലർത്തി. കാർ രണ്ട് ഉടമകൾ കൈമാറിയാണ് ബൈജുവിന്റെ പക്കൽ എത്തുന്നത്. കാർ ആദ്യമായി റോഡിൽ ഇറങ്ങുന്നത് 2015-ലാണ്. 2022 -ൽ ഉടമ മറ്റൊരാൾക് കൈമാറുന്നു. പിന്നീട് അത് 2023- ൽ ബൈജുവിന്റെ കൈകളിൽ എത്തുകയായിരുന്നു.
കാറിന്റെ ആദ്യ ഉടമ 15 വര്‍ഷത്തെ നികുതിയായി 6,28,000 രൂപ അടച്ചിട്ടുണ്ട്. എന്നാൽ, കാറിനു ഇനി എത്ര വര്‍ഷം കാലാവധി ബാക്കിയുണ്ടോ അത്രയും കൊല്ലത്തെ നികുതി ബൈജു കേരളത്തില്‍ അടച്ചേ മതിയാകൂ. കാറിന്‍റെ വിലയുടെ 15 ശതമാനം വർഷംതോറും എത്രയാണോ അത് കണക്കാക്കി വേണം പൈസ അടയ്‌ക്കേണ്ടത് . ഇത് വരെ ഒരു രൂപ പോലും ബൈജു നികുതിയായി അടച്ചിട്ടില്ല.
അതേസമയം, ബൈജുവിന്‍റെ ഹരിയാന വിലാസത്തിന്‍റെ പിന്നിലെ വിവരങ്ങൾ അറിയാനും ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചുവരികയാണ് ഉദ്യോഗസ്ഥർ.