തിരുവനന്തപുരം : കണ്ണൂർ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികളായവരെ ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അനുവദിക്കരുതെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുക്കണം.
ഇടതു ഭരണത്തിൽ ഉദ്യോഗസ്ഥർ നിരന്തരം കടുത്ത മാനസിക സമ്മർദ്ദത്തിനടിപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു. ഭരണസംവിധാനത്തിലെ ചില അധികാരികൾ തങ്ങളുടെ ഭരണപരമായ നിയന്ത്രണങ്ങൾക്കതീതരായ ഉദ്യോഗസ്ഥരെ അധികാരപരിധി ലംഘിച്ച് ഭീഷണിപ്പെടുത്താനും കുറ്റപ്പെടുത്താനും തുനിയുകയാണ്.
സ്വന്തം നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്നതിന് തൊട്ട് മുമ്പ് സംഘടിപ്പിക്കപ്പെട്ട യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന്, എ ഡി എമ്മിനെ അധിക്ഷേപിച്ച് പ്രസംഗിക്കാൻ എന്തധികാരമാണുള്ളത്. വിചാരണ നടത്താനും ഭീഷണിപ്പെടുത്താനും ലക്ഷ്യമിട്ട് ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ചൊരിഞ്ഞ ആക്ഷേപവാക്കുകൾ സാമാന്യ മര്യാദയുടെ സകല സീമകളും ലംഘിച്ച് നടത്തിയ കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
ഉദ്യോഗസ്ഥരുടെ അഴിമതിയും അധികാര ദുർവിനിയോഗവും നിർമ്മാർജ്ജനം ചെയ്യാൻ നിയമ വ്യവസ്ഥിതിയിലെ അധികാരവും അവകാശവും വിനിയോഗിക്കുന്നതിന് പകരം , ജീവനക്കാർക്ക് സ്വന്തം നിരപരാധിത്വം തെളിയിക്കാൻ പോലുമാകാതെ, അവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവം കേരള മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. നവീൻ ബാബുവിൻ്റെ മരണം സംബന്ധിച്ച് അടിയന്തരമായി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി യും ആവശ്യപ്പെട്ടു .