കൊച്ചി: വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും തണലായി എംഎ യുസഫ് അലി. പറവൂർ എംഎൽഎ കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ഇടപെടലിൽ എത്രയും വേഗം കുടുംബത്തെ വീട്ടിൽ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിച്ചു. വാർത്ത പുറത്ത് വന്നതോടെയാണ് എംഎ യുസഫ് അലി കരുതലുമായായി രംഗത്ത് എത്തുന്നത്. നോർത്ത് പറവൂർ വടക്കേക്കര കണ്ണഴത്ത് വീട്ടിൽ സന്ധ്യയ്ക്കും രണ്ട് മക്കളുമാണ് വീട് സ്വകാര്യ ബാങ്ക് ജപ്തി ചെയ്തതിനെ തുടർന്ന് പെരുവഴിയിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നത്.
സ്ഥലം എംഎൽഎ കൂടിയായ വിഡി സതീശൻ കുടുംബത്തിന് എത്രയും വേഗം വീട്ടിൽ കയറാനും ഒരു മാസം അവധി നൽകാനും ധനകാര്യ സ്ഥാപനത്തെ നേരിട്ട് ബന്ധപെട്ടു. ലൈഫ് മിഷനിൽ വീട് ലഭിച്ചുവെങ്കിലും വീട് പണി പൂർത്തിയാക്കാൻ മണപ്പുറം ഫിനാൻസിൽ നിന്ന് ലോൺ എടുക്കുകയായിരുന്നു. മണപ്പുറം ഫിനാൻസ് ഉദ്യോഗസ്ഥരുമായി പ്രതിപക്ഷ നേതാവ് സംസാരിച്ചതിന് പിന്നാലെ എത്രയും വേഗം വീട് തിരികെ നൽകാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ബാങ്ക് അധികൃതർ ഉറപ്പ് നൽകിയിരുന്നു.
മണപ്പുറം ഫിനാന്‍സിന് മുഴുവന്‍ തുകയും നല്‍കാമെന്നും ഉടന്‍ തന്നെ സഹായം എത്തിക്കുമെന്നും ലുലു ഗ്രൂപ്പ് സന്ധ്യയെ അറിയിച്ചിട്ടുണ്ട്. 2019 ലാണ് കുടുംബം സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 4 ലക്ഷം രൂപ വായ്പ എടുത്തത്. 2 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇത് പലിശയടക്കം 8 ലക്ഷം രൂപയായി ഉയർന്നു. പിന്നാലെയാണ് ജപ്തി നടപടികളുമായി സ്വകാര്യ ധനകാര്യ സ്ഥാപനം മുന്നോട്ട് പോയത്. ഇവർ ജോലി ചെയ്യുന്ന തുണിക്കടയിൽ നിന്ന് മടങ്ങി വന്നപ്പോൾ വീട് ജപ്‌തി ചെയ്ത് പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു.