വയനാട് രക്ഷാപ്രവർത്തനം ലോകത്തിന് മാതൃകയെന്ന് ശൈലജ; ഇപ്പോഴും 47 പേർ ഭൂമിക്കടിയിലെന്ന് സതീശൻ

പ്രതിപക്ഷം പ്രാധാന്യം നൽകിയ കുറ്റപ്പെടുത്തലിനല്ല അതിജീവനത്തിനെന്ന് പ്രതിപക്ഷ നേതാവ്.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നടന്ന രക്ഷാപ്രവർത്തനവും പുരാനരധിവാസവും ലോകത്തിന് തന്നെ മാതൃകയാണെന്ന് കെകെ ശൈലജ എംഎൽഎ. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് മുതിർന്ന സിപിഎം എംഎൽഎ വയനാട് ദുരിതാശ്വാത്തിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രകീർത്തിച്ച് സംസാരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദർശിച്ചെങ്കിലും ധനസഹായം അനുവദിക്കുന്നതിൽ ഇതുവരെ നടപടി എടുക്കാത്തതിനെയും ശൈലജ വിമർശിച്ചു. ദുരന്തം കഴിഞ്ഞ് രണ്ട് മാസമായിട്ടും അഞ്ച് പൈസ പോലും ധനസഹായം പ്രഖ്യാപിച്ചില്ലെന്നും അവർ കേന്ദ്രത്തെ കുറ്റപ്പെടുത്തി.

അടിയന്തര പ്രമേയം അവതരിപ്പിച്ച ടി സിദ്ദിഖും കേന്ദ്രത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. പ്രധാനമന്ത്രി സന്ദർശനം നടത്തിയത് ഫോട്ടോ ഷൂട്ടിനായിരുന്നോ എന്ന് വിമർശനം ഉണ്ടെന്നും സിദ്ദിഖ് സഭയിൽ പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സർക്കാർ മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ശേഷമാണ് റെഡ് അലേർട്ട് നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ മുൻകൂട്ടി കാണാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്നും പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പഠനം നടത്തണമെന്നും ശൈലജ പറഞ്ഞു. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്രം സംസ്ഥാനത്തെ സഹായിക്കണമെന്നാണ് ഫെഡറൽ തത്വമെന്നും അടിയന്തര സഹായമെങ്കിലും കേന്ദ്രം നൽകേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

ദുരന്തമുണ്ടാകുന്ന സാഹചര്യത്തിൽ സർക്കാർ ദുരിതാശ്വാസ നിധി പിരിക്കുന്ന രീതി ശരിയല്ലെന്ന് കെകെ രമ എംഎൽഎ വിമർശിച്ചു. ഇതിനായി ബജറ്റിൽ തന്നെ തുക വകയിരുത്താൻ തയ്യാറാകണമെന്നും അവർ നിർദേശം മുന്നോട്ട് വെച്ചു. ദുരന്തമുണ്ടാകുമ്പോൾ വൈകാരികമായി മാത്രം നേരിടുന്നതിന് പകരം ദുരന്ത നിവാരണ പദ്ധതികൾ മുൻകൂട്ടി തയാറാക്കാൻ കഴിയണമെന്നും അവർ പറഞ്ഞു.

ശാസ്ത്രീയമായി ദുരന്തത്തെ നേരിടാൻ പദ്ധതികൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപെട്ടെന്ന് പികെ കുഞ്ഞാലികുട്ടി പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ സാധ്യതയും കനത്ത മഴയും ഉള്ള പ്രദേശമാണെന്ന് അറിവുള്ളതല്ലേയെന്നും അദ്ദേഹം സഭയിൽ ചോദിച്ചു. മുന്നറിയിപ്പ് നൽകുന്നതിൽ പറ്റിയ വീഴ്ച ഓർമിപ്പിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പ്രതിപക്ഷ എംഎൽഎ മോൻസ് ജോസഫ് വയനാടിന് സഹായം പ്രഖ്യാപിച്ചവർക്ക് നന്ദി അറിയിച്ചു. രാഹുൽ ഗാന്ധി 100 വീടുകൾ, സിദ്ധരാമയ്യ നൂറ് വീടുകൾ, പ്രവാസി സംഘടനകൾ, സഭാ നേതൃത്വം തുടങ്ങി മറ്റ് വിവിധ സംഘടനകളും വ്യക്തികളും സഹായം പ്രഖ്യാപിച്ചെന്നും ഇത് വയനാടിന് ഗുണകരമാകും വിധം സർക്കാർ ഏകോപനം നടത്തണമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

പ്രതിസന്ധി വരുമ്പോൾ പകച്ച് നിൽക്കുന്ന ഭരണാധികാരികൾ അല്ല കേരളത്തിലെന്നും, വികസിത രാജ്യങ്ങളെ വെല്ലുന്ന രക്ഷാപ്രവർത്തനവും പുനരധിവാസവുമാണ് കേരളം നടപ്പാക്കിയത് എന്നും ഭരണപക്ഷ എംഎൽഎ പിടിഎ റഹിം സർക്കാരിനെ പ്രകീർത്തിച്ച് പറഞ്ഞു. ഇതേ മാതൃക 2018ലെ പ്രളയ കാലത്തും, ഓഖി കാലത്തും ഇതേ മാതൃകയാണ് പിന്തുടർന്നത് എന്നും അദ്ദേഹം പറഞ്ഞു. മെമ്മോറാണ്ടത്തിലെ കണക്കുകളിൽ വന്ന പൊരുത്തക്കേടുകൾ അദ്ദേഹം സഭയിൽ ന്യായീകരിച്ചു. ഇത് ധനസഹായം കിട്ടാനുള്ള ശ്രമം ആയിരുന്നെന്നാണ് എംഎൽഎ പറഞ്ഞത്.

ദുരന്ത സമയത്ത് സർക്കാരിൻ്റെ വീഴ്ചകൾ ഉയർത്തി കുറ്റപ്പെടുത്താൻ സാഹചര്യം ഉണ്ടായിട്ടും അതിജീവനത്തിനാണ് പ്രതിപക്ഷം പ്രാധാന്യം നൽകിയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അതിജീവനത്തിനായി ക്രിയാത്മക സമീപനമാണ് യുഡിഎഫ് സ്വീകരിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ആരുടേയും തറവാട്ട് സ്വത്തല്ല ദുരന്ത സഹായമായി കേന്ദ്രത്തോട് ചോദിക്കുന്നതെന്നും, നികുതി അടയ്ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇപ്പോഴും പ്രഖ്യാപിച്ച ധനസഹായം കിട്ടാത്ത നിരവധിപ്പേർ വയനാട്ടിലുണ്ടെന്നും സതീശൻ ഓർമിപ്പിച്ചു. പുനരധിവാസ പ്രവർത്തങ്ങളിൽ ഭരണപരമായ താമസം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ദുരന്തബാധിതർക്ക് 15,000 രൂപയും കച്ചവടം നഷ്ടപ്പെട്ടവർക്ക് 50,000 രൂപ ധനസഹായവും ഇതിനകം എത്തിച്ച സമീപനവും സതീശൻ പ്രശംസിച്ചൂ.

കാണാതായവരെ കണ്ടെത്തുന്ന തെരച്ചിലിൽ സർക്കാർ അലംഭാവം ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. അർജുനെ കണ്ടെത്താൻ കർകാണാതായവരെ കണ്ടെത്തുന്ന തെരച്ചിലിൽ സർക്കാർ അലംഭാവം ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. അർജുനെ കണ്ടെത്താൻ കർണ്ണാക സർക്കാർ 72 ദിവസമാണ് തെരച്ചിൽ നടത്തിയതെന്നും, മഴ കനത്തപ്പോൾ കർണാടക തെരച്ചിൽ നിർത്തിവെച്ചപ്പോൾ മാധ്യമങ്ങളിൽ പൊട്ടിത്തെറിച്ച മന്ത്രി വയനാട്ടിൽ 47 പേർ വയനാട്ടിൽ ഭൂമിക്കടിയിൽ കിടക്കുമ്പോഴും അന്ന് പൊട്ടിത്തെറിച്ച മന്ത്രിക്ക് അനക്കമില്ലെന്നും പ്രതിപക്ഷ നേതാവ് കണക്കുകൾ ഉദ്ധരിച്ച് വീഴ്ച ചൂണ്ടിക്കാട്ടി. 12 മുതൽ 14 ദിവസം മാത്രമാണ് തെരച്ചിൽ കാര്യമായി നടത്തിയതെന്നും അദ്ദേഹം വിമർശിച്ചു.

കർണാടക സർക്കാർ 72 ദിവസമാണ് തെരച്ചിൽ നടത്തിയതെന്നും, മഴ കനത്തപ്പോൾ കർണാടക തെരച്ചിൽ നിർത്തിവെച്ചപ്പോൾ മാധ്യമങ്ങളിൽ പൊട്ടിത്തെറിച്ച മന്ത്രി വയനാട്ടിൽ 47 പേർ വയനാട്ടിൽ ഭൂമിക്കടിയിൽ കിടക്കുമ്പോഴും അന്ന് പൊട്ടിത്തെറിച്ച മന്ത്രിക്ക് അനക്കമില്ലെന്നും പ്രതിപക്ഷ നേതാവ് കണക്കുകൾ ഉദ്ധരിച്ച് വീഴ്ച ചൂണ്ടിക്കാട്ടി. 12 മുതൽ 14 ദിവസം മാത്രമാണ് തെരച്ചിൽ കാര്യമായി നടത്തിയതെന്നും അദ്ദേഹം വിമർശിച്ചു.

പശ്ചിമഘട്ട മലനിരകൾ റെഡ് സോൺ മേഖലയിലാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പുത്തുമല, കവളപ്പാറ, പെട്ടിമുടി ഉരുൾപൊട്ടലുകൾ ചൂണ്ടിക്കാട്ടി ഈ മേഖലയിൽ തുടർച്ചയായി ദുരന്തം ഉണ്ടാകുന്ന സാഹചര്യവും അദ്ദേഹം സൂചിപ്പിച്ചു. ദുരന്തമുണ്ടായ പ്രദേശങ്ങളിൽ മഴമാപിനി സ്ഥാപിക്കാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സതീശൻ സൂചിപ്പിച്ചു. പ്രകൃതി ദുരന്തങ്ങൾ തടുത്ത് നിർത്താൻ കഴിഞ്ഞില്ലെങ്കിലും ആഖാതം കുറയ്ക്കാൻ മുൻകരുതലുകൾ സ്വീകരിച്ചാൽ കഴിയുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇതിന് കേന്ദ്ര സംസ്ഥാന ശാസ്ത്ര സ്ഥാപനങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്നും സതീശൻ നിർദേശിച്ചു.

ഇനിയും ദുരന്തം ഉണ്ടാകുന്നത് വരെ കാത്തിരിക്കാനാണെങ്കിൽ എന്തിനാണ് എംഎൽഎമാരും ഭരണവും എന്ന് അദ്ദേഹം ചോദിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ സഹായധനം അനുവദിക്കുന്നത് ഇനിയും വൈകുമെന്നും സതീശൻ ഓർമിപ്പിച്ചു.

സർക്കാർ ദുരന്ത ബാധിതർക്ക് നൽകിയ സഹായധന കണക്കുകളും ബാക് ടു ഹോം കിറ്റുകൾ നൽകിയെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. 531 കോടി 12 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചെന്നും പിണറായി സഭയിൽ പറഞ്ഞു. വിവിധ സ്ഥാപനങ്ങളും വ്യക്തികളും വീടുകളും സഹായ ധനവും പ്രഖ്യാപിച്ചതും പിണറായി സഭയിൽ സൂചിപ്പിച്ചു. 1200 കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും, പ്രത്യേക ധനസഹായം അനുവദിക്കാൻ കേന്ദ്രം തയ്യാറായില്ല എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വയനാട്ടിൽ റെഡ് അലർട്ട് നൽകുന്നതിൽ വീഴ്ച പറ്റിയെന്നും, ദുരന്ത പ്രവചനത്തിലും ആഘാതം കുറയ്ക്കുന്നതിലും വീഴ്ച ഉണ്ടായെന്നും പിണറായി സഭയിൽ സമ്മതിച്ചു. പ്രതിപക്ഷം ദുരന്ത ഘട്ടത്തിൽ വിമർശനത്തിന് പകരം പിന്തുണ നൽകിയ സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഭരണ പ്രതിപക്ഷ എംഎൽഎമാർ ഒരേ സ്വരത്തിൽ പുനരധിവാസ സഹായം അനുവദിക്കാത്ത കേന്ദ്ര നടപടിയെ വിമർശിക്കുന്ന കാഴ്ചയും ഇന്നത്തെ അടിയന്തര പ്രമേയത്തിൽ കാണാനിടയായി. കേന്ദ്രസർക്കാർ സഹായം നൽകാത്തതിനെതിരെ സഭയ്ക്കുള്ളിൽ മാത്രമല്ല പുറത്തും പ്രതിഷേധങ്ങളുണ്ടാവണമെന്ന് ശൈലജ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments