ഹൈദരാബാദിൻ്റെ മണ്ണിൽ ബംഗ്ലാദേശിനെതിരായ മൂന്നാം ടി-20 യിൽ എന്താണ് സംഭവിച്ചതെന്ന ഞെട്ടലിൽ നിന്ന് കാണികൾ ഇതുവരെ തിരിച്ചു വന്നിട്ടില്ല. സഞ്ജുവിൻ്റെ ആ തകർപ്പൻ പ്രകടനത്തെ പല താരങ്ങളും അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ നായകൻ സൂര്യകുമാർ യാദവും സഞ്ജുവിനെ പ്രശംസിച്ചെത്തി.
47 പന്തിൽ 111 റൺസെടുത്ത സഞ്ജു സാംസണിൻ്റെ മുന്നേറ്റത്തിൽ ടീം 297/6 എന്ന കൂറ്റൻ സ്കോറാണ് നേടിയത്. പരമ്പരയ്ക്ക് മുമ്പ് ഗൗതം ഗംഭീർ പറഞ്ഞ കാര്യമാണ് സഞ്ജു നടപ്പിലാക്കിയതെന്ന് സൂര്യകുമാർ പറഞ്ഞു. “പരമ്പരയ്ക്ക് മുമ്പ് ഗൗതി ഭായ് പറഞ്ഞത്, ടീമിനേക്കാൾ വലുതല്ല ഒന്നും എന്നാണ്, 49-ൽ ആയാലും 99-ൽ ആയാലും പന്ത് സിക്സ് ലൈനിലേക്ക് അടിക്കണം, അതാണ് സഞ്ജു ഇന്ന് ചെയ്തത്.”
ഹിറ്റ്മാൻ 2.0
വിരമിച്ച രോഹിത് ശർമയ്ക്ക് പകരക്കാരനെ ഇനി അന്വേഷിക്കേണ്ടെന്നും സൂര്യ കൂട്ടിച്ചേർത്തു. കുറച്ചുകാലം മുൻപ് ഒരു ടി-20 മത്സരത്തിനിടെ രോഹിത് ശർമയുടെ പടുകൂറ്റൻ സിക്സർ കണ്ട് അത്ഭുതപെട്ടുപോയ അമ്പയർ മറെയ്സ് ഇറാസ്മസ് ചോദിച്ചിരുന്നു എന്തുതരം ബാറ്റാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്ന്? ബാറ്റല്ല മിസ്റ്റർ, ഇത് ഹാൻഡ് പവറാണ്! കൈ ഉയർത്തിപ്പിടിച്ച്, തൻ്റെ മസിൽ ഉരുട്ടിക്കയറ്റിയാണ് രോഹിത് ഇതിന് അന്ന് മറുപടി നൽകിയത്. ഏറെക്കുറെ സമാനമായ മസിൽ ഷോയാണ് ബംഗ്ലദേശിനെതിരെ സെഞ്ച്വറി നേടിയശേഷം സഞ്ജുവും നടത്തിയത്.
പവറിലും കളിക്കളത്തിലും ഹിറ്റ്മാൻ രോഹിത് ശർമയ്ക്ക് പിൻഗാമിയാകാൻ തനിക്ക് സാധിക്കുമെന്ന് തെളിയിക്കാനാണ് സഞ്ജു ശ്രമിക്കുന്നത്. രോഹിത്തിനെപ്പോലെ ബൗണ്ടറികളിലൂടെയാണ് സഞ്ജുവും റൺ കണ്ടെത്താൻ ഇഷ്ടപ്പെടുന്നത്. ബംഗ്ലദേശിനെതിരെ നേടിയ 111 റൺസിൽ 92ഉം ബൗണ്ടറികളിലൂടെയായിരുന്നു.