വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നടന്ന സാലറി ചലഞ്ചിൽ പങ്കെടുത്തത് 2,18,228 പേരെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ. നിയമസഭയിൽ ഐ.ബി സതീഷ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് ബാലഗോപാൽ കണക്ക് വെളിപ്പെടുത്തിയത്.
ബജറ്റിനോടൊപ്പം നിയമസഭയിൽ സമർപ്പിക്കുന്ന സ്റ്റാഫ് അപ്പൻഡിക്സ് പ്രകാരം 5,26, 726 പേരാണ് സർക്കാർ സർവീസിൽ ഉള്ളത്. 3,08, 498 പേർ സാലറി ചലഞ്ചിൽ പങ്കെടുത്തില്ലെന്ന് കണക്കുകളിൽ നിന്ന് വ്യക്തം.
സാലറി ചലഞ്ചിൽ പങ്കെടുത്തത് 41.43 ശതമാനം പേർ മാത്രം. ഒക്ടോബർ 3 വരെ സാലറി ചലഞ്ച് വഴി 78 കോടി ലഭിച്ചുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. സാലറി ചലഞ്ചിനോട് ഉന്നത ഉദ്യോഗസ്ഥർ മുഖം തിരിച്ചിരുന്നു.
സാലറി ചലഞ്ചിനോട് മുഖം തിരിച്ച് ഉന്നത ഉദ്യോഗസ്ഥർ
സാലറി ചലഞ്ചിനോട് മുഖം തിരിച്ച് ഉന്നത ഉദ്യോഗസ്ഥർ. ഐഎഫ്എസ് കേഡറിലുള്ള 80 ഉദ്യോഗസ്ഥരിൽ സാലറി ചലഞ്ചിൽ പങ്കെടുത്തത് 29 പേർ മാത്രമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
പങ്കെടുത്ത 29 ഐ എഫ് എസ് ഉദ്യോഗസ്ഥരുടെ പട്ടികയും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. 152 പേരാണ് ഐഎഎസ് കേഡറിൽ ഉള്ളത്. 146 പേർ ഐപിഎസ് കേഡറിലും ഉണ്ട്. സാലറി ചലഞ്ചിൽ പങ്കെടുത്ത ഐഎഎസ് , ഐപിഎസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ മുഖ്യമന്ത്രി നൽകിയില്ല.
പകരം വിവരം ശേഖരിച്ചു വരുന്നു എന്നാണ് ഇതിന് മറുപടി. ഭൂരിഭാഗം ഐഎഎസ് , ഐപിഎസ് ഉദ്യോഗസ്ഥരും സാലറി ചലഞ്ചിൽ പങ്കെടുത്തില്ല എന്നാണ് വിവരം. സാലറി ചലഞ്ച് ചർച്ച ചെയ്യാൻ ഐഎഎസ് അസോസിയേഷൻ യോഗം വിളിച്ചിട്ടുണ്ടെന്നും അതിന് ശേഷം സാലറി പിടിച്ചാൽ മതിയെന്നും ഐഎഎസ് അസോസിയേഷൻ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.