CricketSports

ആശ ആദ്യം ടീമിലുണ്ട്, പിന്നെയില്ല: മത്സരം തുടങ്ങുമ്പോൾ പുറത്തായി ഇന്ത്യൻ താരം

ഇന്ത്യൻ ടീമിൽ നടക്കുന്ന മാറ്റങ്ങൾ ആരാധകരെപോലും അതിശയിപ്പിക്കുകയാണ്. വനിതാ ലോകകപ്പില്‍ ഓസ്‌ട്രേലിക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമിൻ്റെ പ്ലേയിംഗ് ഇലവന്‍ പുറത്ത് വിടുമ്പോള്‍ മലയാളി താരം ആശ ശോഭനയുടെ പേരുണ്ടായിരുന്നു. ടോസിന് ശേഷം താരങ്ങളുടെ പേര് വന്നപ്പോഴും ആശയുടെ പേര് ആദ്യ 11ൽ തന്നെയുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീം ഗ്രൗണ്ടിലെത്തിയപ്പോള്‍ ആശ ടീമിമില്ല. പകരം രാധാ യാദവ് കളത്തിലെത്തി.

ടോസ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ ലെഗ്‌സ്പിന്നര്‍ക്ക് കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് മത്സരത്തില്‍ നിന്ന് പുറത്തായി. ശോഭനയ്ക്ക് പകരം ഇടംകൈയ്യന്‍ സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ രാധാ ടീമിലെത്തുകയും ചെയ്തു. ടോസിനിടെയാണ് സംഭവം നടന്നത്, തുടര്‍ന്ന് ആശയെ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. ദേശീയ ഗാനങ്ങള്‍ക്കായി ബാക്കിയുള്ള സ്‌ക്വാഡിനൊപ്പം താരമുണ്ടായിരുന്നില്ല.

രാധാ യാദവിൻ്റെ എൻട്രി

ഇന്ത്യന്‍ ടീം മാച്ച് റഫറി ഷാന്‍ഡ്രെ ഫ്രിറ്റ്സുമായി ഇക്കാര്യം സംസാരിക്കുകയും, ഓസീസ് ക്യാപ്റ്റന്‍ തഹ്ലിയ മഗ്രാത്തിൻ്റെ സമ്മതമുണ്ടെങ്കില്‍ പകരം താരത്തെ ഇറക്കാം എന്നായി. മഗ്രാത്തുമായി സംസാരിച്ചതിന് ശേഷമാണ് രാധാ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. പകരക്കാരി ആയിട്ടല്ല, ടീമിലെ അംഗമായിട്ട് തന്നെ കളിക്കാന്‍ രാധയ്ക്കും സാധിച്ചു.

യഥാര്‍ത്ഥത്തില്‍ ഓസീസ് സ്ഥിരം ക്യാപ്റ്റന്‍ അലീസ ഹീലിക്ക് പരിക്കേറ്റപ്പോഴാണ് മഗ്രാത്ത് നായകസ്ഥാനം ഏറ്റെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഐസിസി നിയമവുമുണ്ട്. ”ഓരോ ക്യാപ്റ്റനും 11 കളിക്കാരെ കൂടാതെ പരമാവധി നാല് പകരക്കാരായ ഫീല്‍ഡര്‍മാരെയും ഐസിസി നല്‍കുന്ന ടീം ഷീറ്റില്‍ രേഖാമൂലം നാമനിര്‍ദ്ദേശം ചെയ്യണം. ഷീറ്റില്‍ രേഖപ്പെടുത്തിയ ശേഷം കളി തുടങ്ങുന്നതിനു മുമ്പ് എതിര്‍ ക്യാപ്റ്റൻ്റെ സമ്മതമില്ലാതെ ഒരു താരത്തേയും മാറ്റാനും പാടില്ല.” ഇതാണ് നിയമം.

ഇന്ത്യന്‍ ടീം: ഷഫാലി വര്‍മ, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീല്‍, രാധാ യാദവ്, രേണുക താക്കൂര്‍ സിംഗ്. എന്നിവരാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായി ഇറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *