തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ എങ്ങോട്ട് ചലിച്ചാലും ഖജനാവിൽ നിന്ന് ഒഴുകുന്നത് ലക്ഷങ്ങൾ. സുരക്ഷ ഇനത്തിൽ ഓരോ മാസവും കോടികളാണ് പിണറായി വിജയന് വേണ്ടി ചെലവഴിക്കുന്നത്. 42 വണ്ടികളുടെ അകമ്പടിയിലാണ് പിണറായിയുടെ യാത്ര. ഐ പി എസുകാരൻ മുതൽ സാദാ കോൺസ്റ്റബിൾ വരെ അകമ്പടി യാത്രയിൽ ഉണ്ടാകും.ഡോക്ടർ ഉൾപ്പെടെ ആംബുലൻസ് അകമ്പടിയിൽ ഉണ്ടാകും.
പിണറായി വിജയൻ റോഡിലൂടെ പോയാൽ ഒരു മണിക്കൂറോളം ജനങ്ങൾ വലയും എന്ന് വ്യക്തം. സ്വന്തം എസ്കോർട്ട് ടീമിനെ രാജ്യത്ത് എവിടെ പോയാലും പിണറായി കൂട്ടും. ഇസഡ് പ്ലസ് സുരക്ഷയുള്ള പിണറായിക്ക് അതത് സംസ്ഥാനങ്ങളുടെ സുരക്ഷ ലഭിക്കുമെങ്കിലും സ്വന്തം എസ്കോർട്ട് ടീം വേണമെന്ന് പിണറായിക്ക് നിർബന്ധമാണ്. നിയമസഭ സമ്മേളനം നാളെ അവസാനിക്കുന്നതോടെ പിണറായി ഡൽഹിയിലേക്ക് പറക്കുകയാണ്.
പോളിറ്റ് ബ്യൂറോയിൽ പങ്കെടുക്കാനാണ് യാത്ര എന്നാണ് സൂചന. 7 അംഗ എസ്കോർട്ട് ടീം ഈ മാസം 15 മുതൽ 20 വരെ ഡൽഹി കേരള ഹൗസിലാണ് താമസം. ഇതിൻ്റെ ഉത്തരവ് പ്രോട്ടോക്കോൾ വിഭാഗത്തിൽ നിന്ന് ഇറങ്ങിയിട്ടുണ്ട് . കേരളം ഭരിച്ച ഒരു മുഖ്യമന്ത്രിയും സ്വന്തം എസ്കോർട്ട് ടീമുമായി ഡൽഹി യാത്ര ചെയ്തിട്ടില്ല. അതാത് സ്ഥലങ്ങളിലെ സുരക്ഷയാണ് മുൻ മുഖ്യമന്ത്രിമാർ സ്വീകരിച്ചിരുന്നത്.
ഖജനാവിൽ ചില്ലികാശ് പോലും ഇല്ലാത്തപ്പോഴും സ്വന്തം ചെലവ് കുറയ്ക്കാൻ പിണറായി തയ്യാറാകുന്നില്ല എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് സ്വന്തം എസ്കോർട്ട് ടീമുമായുള്ള യാത്ര. ഇവരുടെ യാത്ര കൂലി, മറ്റ് ചെലവുകൾ എല്ലാം സർക്കാർ ഖജനാവ് വഹിക്കണം. ഇത് കൂടാതെയാണ് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും പരിസരത്തും കോടികൾ ചെലവാക്കി പിണറായിക്ക് സുരക്ഷ ഒരുക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷ ഇനിയും വർധിപ്പിക്കാൻ തീരുമാനപ്രകാരം സിസിറ്റിവി സ്ഥാപിക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാൽ 4.32 ലക്ഷം രൂപ അനുവദിച്ചത് കഴിഞ്ഞ മാസമാണ് . മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മുഹമ്മദ് റിയാസിൻ്റെ പൊതുമരാമത്ത് വകുപ്പ് സിസിറ്റിവി സ്ഥാപിക്കാൻ ടെണ്ടറും ക്ഷണിച്ചിട്ടുണ്ട്. 4.32 ലക്ഷത്തിൻ്റെ സിസിറ്റിവി സ്ഥാപിക്കാനാണ് ടെണ്ടർ ക്ഷണിച്ചത്.
മുഖ്യൻ്റെ ആർഎസ്എസ് ബന്ധം, എഡിജിപിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം സമരം ശക്തിപ്പെടുത്തിയതോടെയാണ് സുരക്ഷ വർദ്ധിപ്പിക്കുന്നത്. സുരക്ഷയുടെ പേരിൽ പിണറായി വിജയൻ്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അഡീഷണലായി സിസിറ്റിവി സ്ഥാപിക്കാനാണ് ഇപ്പോൾ ടെണ്ടർ ക്ഷണിച്ചത്. നിലവിലുളള നിരീക്ഷണ ക്യാമറകൾക്ക് പുറമെയാണിത്.
ഇതിനുള്ള പണം നാല് ലക്ഷം രൂപ കെ എൻ ബാലഗോപാൽ അനുവദിച്ചു കഴിഞ്ഞു. എന്നാൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള ചിലവ് നാല് ലക്ഷത്തിൽ ഒതുങ്ങില്ലെന്നാണ് സൂചന. ആവശ്യമെങ്കിൽ വീണ്ടും തുക അനുവദിക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് ഏത് വിവാദമുണ്ടായാലും സംസ്ഥാന സർക്കാരിന്റെ ആദ്യ നടപടി മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുകയെന്നതാണ്. മുഖ്യനെ സംരക്ഷിക്കാൻ നികുതി പണത്തിൽ നിന്ന് ലക്ഷങ്ങൾ ചിലവാക്കുന്നതിൽ തെറ്റില്ലെന്നാണ് ഇടതുപക്ഷ നയം. ട്രഷറി നിയന്ത്രണം നിലനിന്നാലും ഇല്ലെങ്കിലും എത്ര ലക്ഷം മുടക്കിയും മുഖ്യൻ്റെ സുരക്ഷ ഉറപ്പാക്കുക എന്നത് തന്നെയാണ് ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്ന നയം.