ആലിയ ഭട്ടിന്റെ ഏറ്റവും പുതിയ ചിത്രം ‘ജിഗ്ര’ യെ പറ്റിയുള്ള വിവാദങ്ങളാണ് ഇപ്പോൾ ബോളിവുഡിൽ ചർച്ച വിഷയമായിരിക്കുന്നത്. നടിയും സംവിധായികയുമായ ദിവ്യ ഖോസ്ല കുമാർ, ‘ജിഗ്ര’ തന്റെ ‘സാവി’ എന്ന സിനിമയെ കോപ്പി അടിച്ചതാണെന്ന് ആരോപണം ഉയർത്തിയതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്. ഇതോടൊപ്പം, ആലിയ ഭട്ട് ബോക്സ് ഓഫീസ് കണക്കുകളില്‍ കൃത്രിമം കാണിച്ചുവെന്നും ദിവ്യ കൂട്ടിച്ചേർത്തിരുന്നു.
ഈ ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് ഇടയാക്കി. ഇതോടെ,ദിവ്യയുടെ ആരോപണത്തിനെതിരെ നിർമ്മാതാവായ കരൺ ജോഹർ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ മറുപടി നൽകി. “മൗനമാണ് വിഡ്ഢികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടി” എന്നായിരുന്നു ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ കരൺ പ്രതികരിച്ചത്. ദിവ്യയുടെ പേര് പരാമർശിക്കാതെയായിരുന്നു പ്രതികരണം.
കരണിന്റെ പ്രതികരണത്തിന് പിന്നാലെ ദിവ്യ ഖോസ്ലും മറുപടിയുമായി രംഗത്ത് വന്നു. “മറ്റുള്ളവർക്കുള്ളത് മോഷ്ടിക്കാൻ നിങ്ങൾ ലജ്ജയില്ലാതെ ശീലിക്കുമ്പോൾ, നിങ്ങൾ എല്ലായ്പ്പോഴും നിശബ്ദതയിൽ അഭയം തേടും,” എന്നായിരുന്നു ദിവ്യയുടെ കടുത്ത പ്രതികരണം.
ദിവ്യ ഖോസ്ലയുടേതായുള്ള ‘സാവി’ എന്ന സിനിമയെ അനുകരിച്ചാണ് ‘ജിഗ്ര’ എന്ന ആലിയ ഭട്ട് ചിത്രം നിർമ്മിച്ചതെന്നാണ് ആദ്യ ആരോപണം. ‘സാവി’യിലെ കഥ ഒരു വീട്ടമ്മ, തന്റെ ഭർത്താവിനെ ഇംഗ്ലണ്ടിലെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ നടത്തുന്ന ശ്രമത്തെ പറ്റിയുള്ളതാണ്. എന്നാൽ, ‘ജിഗ്ര’ സിനിമയിൽ, ആലിയ ഭട്ട് അഭിനയിച്ച കഥാപാത്രം തന്റെ സഹോദരനെ വിദേശ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിക്കുന്നതാണ്.
ഇതിനൊപ്പം, ആലിയ ഭട്ട് ചിത്രത്തിന്റെ ബോക്സ്ഓഫിസ് കണക്കുകളില്‍ വ്യാജമായി കണക്കുകള്‍ കൂട്ടിച്ചേർത്തുവെന്നാരോപിച്ച്, തിയറ്ററിലെ ഒഴിഞ്ഞിരിക്കുന്ന കസേരകളുടെ ചിത്രങ്ങൾ ദിവ്യ പങ്കുവച്ചതും വലിയ വിമർശനങ്ങൾക്ക് വഴിഒരുക്കി.
‘ജിഗ്ര’ മികച്ച പ്രതികരണം നേടാനാകാതെ തിയറ്ററുകളിൽ പരാജയപ്പെടുകയായിരുന്നു. 80 കോടി രൂപയുടെ വലിയ ബജറ്റിൽ നിർമ്മിച്ച ചിത്രത്തിന് ഇതുവരെ നേടിയെടുത്തത് 25 കോടിയാണ്. ഇത്, കഴിഞ്ഞ പത്ത് വർഷത്തിനിടെ ആലിയ ഭട്ടിന്റെ സിനിമകൾക്ക് ലഭിച്ച ഏറ്റവും മോശം കളക്ഷനാണ്. ഈ വിവാദവും പ്രതികരണങ്ങളുമെല്ലാം ബോളിവുഡിൽ വലിയ ചർച്ചയായിരിക്കുകയാണ്.