തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെതിരെ സമരത്തിന് ജോയിന്റ് കൗൺസിൽ. ഭരണകക്ഷിയായ സിപിഐ അനുകൂല സർവീസ് സംഘടനയാണ് ജോയിന്റ് കൗൺസിൽ.
സർക്കാരിനെതിരെ കടുത്ത വിമർശനം ഉയർത്തി പണിമുടക്കിന് സജ്ജരാകാൻ ജീവനക്കാരോട് സംഘടനാ നേതൃത്വം ആഹ്വാനം ചെയ്തു.
ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നു, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന വാക്ക് പാലിച്ചില്ല, ജീവനക്കാരിൽ നിന്നും പെൻഷൻ വിഹിതം പിടിക്കുന്നത് അടിയന്തരമായി നിർത്തലാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ജോയിന്റ് കൗൺസിൽ മുന്നോട്ട് വെക്കുന്നത്.
പങ്കാളിത്ത പെൻഷൻ പദ്ധതി എല്ലാ അർദ്ധത്തിലും പരാജയപ്പെട്ടിരിക്കുകയാണ്. പുനപരിശോധന സമിതി റിപ്പോർട്ട് പോലും പദ്ധതി പിൻവലിക്കുന്നതിന് ഭാഗീകമായി അനുകൂലമാണെന്നും ജോയിന്റ് കൗൺസിൽ നേതാവ് ജയചന്ദ്രൻ കല്ലിങ്ങൽ പറയുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതി ഒരു വലതുപക്ഷ സാമ്പത്തിക നയത്തിന്റെ ഭാഗമാണ്. ഇടതുപക്ഷ കക്ഷികളെല്ലാം തന്നെ അത് പിൻവലിക്കണമെന്ന് നിലപാടുള്ളവരാണെന്നും ജയചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.