തിരുവനന്തപുരം : എം. ശിവശങ്കറിനെതിരെ കേരള പോലിസ് ഒരു കേസും എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഏതൊക്കെ കേസുകളിലാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നും അറസ്റ്റിന് ആധാരമായ കാര്യങ്ങൾ എന്തെന്നും എത്ര നാൾ ജയിൽവാസം അനുഷ്ടിച്ചെന്നും വ്യക്തമാക്കാമോ എന്ന റോജി എം ജോൺ എം എൽ എ യുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകാതെ ഇരുന്നത്.
ലൈഫ് മിഷൻ തട്ടിപ്പ് കേസ്, ഡോളർ കടത്ത്, സ്വർണ്ണ കടത്ത് കേസിൽ ശിവശങ്കറിനെതിരെ കേന്ദ്ര ഏജൻസികൾ കേസ് എടുത്തിരുന്നു. സന്തോഷ് ഈപ്പന് ലൈഫ് മിഷന്‍റെ കരാർ നൽകുന്നതിന് നിയമവിരുദ്ധമായി ഇടപെട്ടെന്നതാണ് ശിവശങ്കറിനെതിരായ ഇ.ഡിയുടെ കണ്ടെത്തൽ. ഇടപെടലിന് ഒരു കോടി രൂപ ശിവശങ്കർ കോഴ വാങ്ങിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. 170 ദിവസമാണ് ലൈഫ് മിഷൻ കേസിൽ ശിവശങ്കർ ജയിലിൽ കിടന്നത്.
നട്ടെല്ലിന് ശസ്ത്രക്രിയ ചെയ്യുന്നതിനു വേണ്ടി ശിവശങ്കറിന് സുപ്രീം കോടതി ജാമ്യം നൽകിയതോടെയാണ് 170 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ശിവശങ്കർ പുറത്തിറങ്ങിയത്. ഡോളർ കടത്തിലും സ്വർണ്ണ കടത്തിലും ശിവശങ്കറിനെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തിരുന്നു. 2016 ൽ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുടെ ചുമതല നൽകിയാണ് മുഖ്യമന്ത്രി വിശ്വസ്തനായ ശിവശങ്കറെ തൻ്റെ ഓഫിസിൽ നിയമിച്ചത്. 2017 ഡിസംബർ 7 ന് ശിവശങ്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു. തുടർന്ന് 2020 ജനുവരി 1 ന് ശിവശങ്കറെ മുഖ്യമന്ത്രി തൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.
സ്വർണ്ണ കടത്ത് വിവാദം പൊട്ടി പുറപ്പെട്ടമ്പോൾ ശിവശങ്കറെ ന്യായികരിക്കാൻ പിണറായി ആവത് ശ്രമിച്ചെങ്കിലും ജനരോഷം ഉയർന്നതോടെ 2020 ജൂലൈ 7 ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ഒഴിവാക്കി. നിയമസഭ മറുപടിയിൽ ശിവശങ്കറെ പ്രകോപിപ്പിക്കാതെ, സംരക്ഷിച്ചു കൊണ്ടാണ് പിണറായി മറുപടി നൽകിയതെന്ന് വ്യക്തം. ശിവശങ്കറെ പുറത്താക്കി എന്ന് പറയാതെ വിടുതൽ ചെയ്തു എന്ന വാക്കാണ് പിണറായി ഉപയോഗിച്ചിരിക്കുന്നത്.
ശിവശങ്കറിനെ അറസ്റ്റും ജയിൽ വാസവും കേരളത്തിലെ കൊച്ച് കുട്ടികൾക്ക് പോലും അറിയാമെന്ന് പിണറായിക്ക് നന്നായറിയാം. എന്നാൽ കേരള പോലിസ് ഒരു കേസ് എടുത്തിട്ടില്ലെന്നാണ് പിണറായിയുടെ മറുപടി. അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്ന മട്ടിലാണ് മറുപടി. ശിവശങ്കറെ പ്രകോപിപ്പിച്ചാൽ പണി പാലും വെള്ളത്തിൽ കിട്ടുമെന്ന് പിണറായിക്ക് അറിയാം. താൻ മാത്രമല്ല ക്ലിഫ് ഹൗസിൽ ഇരിക്കുന്നവരും കുടുങ്ങും എന്ന് പിണറായിക്ക് നന്നായറിയാം. അതുകൊണ്ട് ഇങ്ങനെ എങ്കിലും ഒരു മറുപടി കിട്ടിയത് റോജി എം ജോണിൻ്റെ ഭാഗ്യം.