KeralaNewsPolitics

സിപിഐ പണം വാങ്ങി സീറ്റ് വിറ്റവർ; അൻവറിൻ്റെ വെളിപ്പെടുത്തൽ

കോഴിക്കോട്: സിപിഐക്കെതിരെ ഗുരുതര ആരോപണവുമായി പിവി അൻവർ എംഎൽഎ. സിപിഐ കൈക്കൂലി വാങ്ങി സീറ്റ് വിറ്റ പാർട്ടിയാണെന്ന് അൻവർ ആരോപണം ഉന്നയിച്ചു. ബിനോയ് വിശ്വം തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നും പി വി അന്‍വര്‍ കുറ്റപ്പെടുത്തി. പണം വാങ്ങി ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ് ബിനോയ് വിശ്വത്തിൻ്റെ സിപിഐ എന്നും അന്‍വര്‍ പറഞ്ഞു. 2011 ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടതിന് കാരണം സിപിഐ നിര്‍ത്തിയ സ്ഥാനാര്‍ത്ഥി ആയിരുന്നുവെന്നും അല്ലെങ്കിൽ 70 70 സീറ്റ് ഉണ്ടാകുമായിരുന്നെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

2011 ൽ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ ഇടതുസ്ഥാനാര്‍ത്ഥിയാക്കിയാല്‍ ലീഗ് സ്ഥാനാര്‍ത്ഥി തോല്‍ക്കുമെന്നതിനാൽ ലീഗില്‍ നിന്ന് സിപിഐ 25 ലക്ഷം രൂപ വാങ്ങിയെന്നും അങ്ങനെ ആരും അറിയാത്ത സ്ഥാനാർത്ഥിയെ നിർത്തി തോൽപ്പിക്കുക ആയിരുന്നുവെന്നും അന്‍വര്‍ ആരോപിച്ചു. യൂനസ് കുഞ്ഞ് വഴിയാണ് സിപിഐ പണം കൈപറ്റിയതെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സിപിഐ സീറ്റ് വിട്ട് നൽകി 25 ലക്ഷം രൂപ കൈപറ്റിയതിന് തെളിവുകൾ തൻ്റെ പക്കലുണ്ടെന്നും അൻവർ വെളിപ്പെടുത്തി. വെളിയം ഭാര്‍ഗവാനുമായി ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയെന്നും പിന്നീട് ഇക്കാര്യം വെളിപ്പെടുത്തിയപ്പോൾ വെളിയം ഭാർഗവൻ തനിക്ക് വക്കീൽ നോട്ടീസ് അയച്ചെന്നും അൻവർ പറയുന്നു. ആര് ഏത് വണ്ടിയിൽ എവിടേക്ക് പണം കൊണ്ടുപോയി എന്നതടക്കം തെളിവുകൾ ഉണ്ടെന്ന് മറുപടി നൽകിയതോടെ സിപിഐ മിണ്ടിയില്ലെന്നും അൻവർ പറയുന്നു.

വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആനി രാജ സ്ഥാനാര്‍ത്ഥി ആയപ്പോൾ സിപിഐ പണം പിരിച്ചെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് നല്‍കിയില്ലെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. ക്വാറി ഉടമകളില്‍ നിന്നും വൻകിട വ്യവസായികളിൽ നിന്നും സിപിഐ ധനസമാഹരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സിപിഐ നേതാക്കളെ പ്രതികരിക്കാൻ വെല്ലുവിളിക്കുന്നു എന്നും അൻവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *