സംസ്ഥാനം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് വയനാട്ടിൽ വരാൻ പോകുന്നത്. തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയ്ക്ക് റെക്കോർഡ് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയ്ക്ക് വയനാട്ടിൽ ലഭിച്ച വരവേൽപ്പ് പ്രിയങ്കയ്ക്ക് ലഭിക്കുമോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നീക്കം പാർട്ടി നടത്താനുദ്ദേശിക്കുന്നത്. രാഹുൽ ഗാന്ധി അമേഠി നിലനിർത്തി വയനാട്ടിൽ രാജിവെച്ച സാഹചര്യത്തെത്തുടർന്നാണിത്.
ഇതേ തുടർന്ന് പ്രിയങ്ക ഗാന്ധിയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ അഞ്ചുലക്ഷത്തിലധികം വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ മുന്നോടിയായി കോൺഗ്രസ് ഉന്നത നേതാക്കളും ഇന്ത്യ സഖ്യത്തിൻറെ ഭാഗമായ നേതാക്കളുമുൾപ്പെടെയുള്ളവരെ ഇറക്കികൊണ്ടുള്ള പ്രചാരണത്തിനാണ് പാർട്ടി ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ദേശീയ- സംസ്ഥാന വിഷയങ്ങൾ ഉൾപ്പെടെ പ്രിയങ്ക ഉന്നയിച്ചേക്കുമെന്നാണ് സൂചന.
നേരത്തെ തനിക്ക് ശേഷം പ്രിയങ്കയെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ, പൊതുവെയുള്ള സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ചിന്താകുഴപ്പമോ വേവലാതിയോ ആകാംഷയോ ഒന്നും തന്നെ വയനാട് യുഡിഎഫ് ക്യാമ്പിൽ ഇല്ലതാനും. വോട്ട് ചേർക്കൽ പ്രക്രിയയും പഞ്ചായത്ത് നിയോജക മണ്ഡലം ഏകോപനവും നേരത്തെ തന്നെ പൂർത്തികരിച്ചു കഴിഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ നേതാക്കളുടെ വമ്പൻ നിര തന്നെ പ്രിയങ്കഗാന്ധിയുടെ പ്രചാരണത്തിനെത്തുന്നതാണ്. മമത ബാനർജി ഉൾപ്പെടെയുള്ള ഇന്ത്യ സഖ്യത്തിൻറെ ഭാഗമായ നേതാക്കളും പ്രിയങ്കക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് വയനാട്ടിലെത്തിയേക്കാം.
2019-ൽ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. വീണ്ടും മത്സരിച്ചപ്പോൾ ഭൂരിപക്ഷം കുറഞ്ഞുവെങ്കിലും 3,64,442 വോട്ടുകളുടെ മേൽക്കൈ നേടാൻ രാഹുലിന് സാധിച്ചു. ഈ ഭൂരിപക്ഷത്തെ മറികടക്കുന്ന വിജയം പ്രിയങ്കയ്ക്ക് സമ്മാനിക്കണമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്. വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ സഹായം വൈകൽ, കേന്ദ്ര സർക്കാരിൻറെ ജനദ്രോഹ നയങ്ങൾ എന്നിവയോടൊപ്പം എൽഡിഎഫ് സർക്കാരിനെതിരെയുൾപ്പെടെയുള്ള വിമർശനങ്ങളും പ്രിയങ്ക തെരഞ്ഞെടുപ്പിൽ ഉന്നയിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.