
കൊച്ചി : വീണയെ എസ്എഫ്ഐഒ ചോദ്യം ചെയ്തത് ഉപതെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടുള്ള അഭ്യാസമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 10 മാസമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം നടത്തുന്നില്ലെന്നും ഇപ്പോഴാണ് നാടകം തുടങ്ങിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉപതെരഞ്ഞെടുപ്പ് അടുത്തപ്പോൾ ബിജെപി സിപിഎം സഖ്യം ഇല്ലെന്നും, ബിജെപി സിപിഎം നേർക്കുനേർ എന്ന് കാണിക്കാൻ വേണ്ടിയുള്ള ‘തെരഞ്ഞെടുപ്പ് സ്റ്റണ്ട്’ ആണിതെന്നും സതീശൻ പരിഹസിച്ചു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ തെരഞ്ഞെടുപ്പ് കോഴ കേസിൽ കുറ്റവിമുക്തനായത് കേസിൻ്റെ മെറിറ്റ് കൊണ്ടല്ലെന്നും സിപിഎം രക്ഷിച്ചതാണെന്നും സതീശൻ വിമർശിച്ചു. ഒരു വർഷത്തിനകം ചാർജ് ഷീറ്റ് സമർപ്പിക്കേണ്ട കേസിൽ 17 മാസം കഴിഞ്ഞാണ് പ്രോസിക്യൂഷൻ ചാർജ് ഷീറ്റ് കോടതിയിൽ നൽകിയതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ചാർജ് ഷീറ്റ് നൽകാൻ കാലതാമസം നേരിടുമെന്ന അപേക്ഷ പോലും നൽകാതെ കേസ് തള്ളിപ്പോകുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത് സർക്കാർ തന്നെ ആണെന്നും അദ്ദേഹം പറഞ്ഞു. കുഴൽപ്പണ കേസിലും തെരഞ്ഞെടുപ്പ് കോഴ കേസിലും സുരേന്ദ്രനെ രക്ഷിച്ച് എടുത്തത് സിപിഎം ബിജെപി ധാരണയുടെ ഭാഗമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വീണ വിജയനെ ഇപ്പോൾ ചോദ്യം ചെയ്തത് സ്വാഭാവിക നടപടിക്കപ്പുറം ഒന്നുമില്ലെന്നും തെരഞ്ഞെടുപ്പ് കഴിയുന്ന വരെ മാത്രമാകും ഈ ചോദ്യം ചെയ്യൽ നാടകമെന്നും അദ്ദേഹം പരിഹസിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന വാർത്ത വന്നതിന് പിന്നാലെയാണ് ഈ അന്വേഷണ നാടകം തുടങ്ങിയതെന്നും അദ്ദേഹം വിമർശിച്ചു.
രണ്ട് പ്രധാന കേസിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനെ കേരള പോലീസ് രക്ഷിച്ചത് എന്നും അതിനുള്ള പ്രത്യുപകാരമായി വീണയ്ക്ക് എതിരെ അന്വേഷണമോ നടപടിയോ ഉണ്ടാവില്ലെന്നും സതീശൻ ആരോപിച്ചു. ബിജെപിയും സിപിഎമ്മും പരസ്പരം ‘പുറം ചൊറിഞ്ഞ്’ കൊടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
ഹൈക്കോടതിയിൽ പോയ മാസപ്പടി കേസിൽ മറ്റ് അന്വേഷങ്ങണൾക്ക് തടയിടാൻ കൂടിയാണ് എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചതെന്നും ഫയൽ മടക്കി കെട്ടാനാണ് എങ്കിലും പേരിന് ചോദ്യം ചെയ്യൽ വേണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ളത് നപടിക്രമം പൂർത്തിയാക്കാനുള്ള അഡ്ജസ്റ്റ്‌മെന്റ് ചോദ്യം ചെയ്യലാണെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി വേട്ടയാടുന്നു എന്ന പ്രചാരണം നടത്താനുള്ള തന്ത്രം ആണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലും സമാനമായ സമീപനമാണ് കേന്ദ്ര അന്വേഷണ സംഘം സ്വീകരിച്ചത് എന്നും സതീശൻ ഓർമിപ്പിച്ചു.
ഉപതെരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും നേരിടാൻ കോൺഗ്രസ് സജ്ജമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സ്ഥാനാർത്ഥി പ്രഖ്യാപനം കൂടിയാലോചനകൾക്ക് ശേഷം പിന്നീട് പ്രഖ്യാപിക്കുമെന്നും ഇപ്പോൾ വരുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.