രംഗണ്ണൻ കാണിക്കുംന്ന് പറഞ്ഞാ കാണിക്കും, ക്ലാസായി സഞ്ജു

അടീന്ന് പറഞ്ഞാൽ ഇതാണ് അടി, പണ്ടേതോ അഭിമുഖത്തിൽ സഞ്ജു തന്നെ പറഞ്ഞ പോലെ “ചേട്ടാ ബോളുകണ്ടാൽ ഞാൻ അടിക്കും’’ അതിൻ്റെ അതേ രൂപത്തിൽ സഞ്ജുവിൻ്റെ നല്ല പക്കാ ക്ലാസ് സെഞ്ച്വറി ഇന്നലെ ഹൈദരാബാദിൻ്റെ മണ്ണിൽ പിറന്നു. 11 ഫോറും 8 സിക്സും ഉൾപ്പെടെ വെറും 47 ബോളിൽ 111 റൺസ്.

അതേ… ഇത് അതേ മലയാളി തന്നെ, സ്ഥിരതയില്ല, ഫോമൗട്ടാകുന്നു എന്നൊക്കെ പറഞ്ഞ് ടെസ്റ്റിലും ടി-20യിലുമിട്ട് നല്ല അവസരങ്ങൾ പോലും നൽകാതെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തട്ടിക്കളിച്ച ദ വൺ ആൻഡ് ഓൺലി സഞ്ജു സാംസൺ.

പെയ്തത് തീമഴയാണെന്ന് വിശ്വാസിക്കാനാണ് ഇന്ത്യൻ ആരാധകർക്കിഷ്ട്ടം. വെടിക്കെട്ടിൽ പകച്ചു നിൽക്കാനല്ലാതെ ബംഗ്ലാദേശിന് മറ്റൊന്നും ചെയ്യാനും കഴിഞ്ഞില്ല. ബംഗ്ലാദേശിനെതിരായ മൂന്നാം ടി-20യുടെ അവസ്ഥയാണിത്.

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. സഞ്ജുവിൻ്റെയും അഭിഷേക് ശർമയുടെയും ഓപ്പണിങ് കോംബോ കഴിഞ്ഞ രണ്ട് കളിയിലും നിറം മങ്ങിയിരുന്നു. എന്നാൽ മൂന്നാം വരവിൽ ഒന്നും വെറുതെയായില്ല. രണ്ടാമത്തെ ഓവർ മുതൽ ബംഗ്ലാദേശിൻ്റെ തസ്ക്കിൻ അഹമ്മദെറിഞ്ഞ പന്തിൽ തുടരെ 4 ഫോറുകളടിച്ച് സഞ്ജു ആദ്യ സൂചന നൽകി. പിന്നാലെ മുസ്തഫിസുറിനും സിക്സും ഫോറും കൊടുത്തയച്ചു.

അവിടെയൊന്നുമായിരുന്നില്ല സഞ്ജുവിൻ്റെ സൂപ്പർ പ്ലേ. അത് ബംഗ്ലദേശ് ബോളർ റിഷാദ് എറിഞ്ഞ ഓവറിലായിരുന്നു. തുടർച്ചയായ 5 തീ പാറക്കും സിക്സറുകൾ, ആ ഓവറിൽ മാത്രം 30 റൺസ് സഞ്ജു നേടി.

വെറും 22 പന്ത് കൊണ്ടാണ് സഞ്ജുവിൻ്റെ അർദ്ധ സെഞ്ച്വറി പിറന്നത്. ബംഗ്ലാദേശ് ബോളർമ്മാരെ പൊളിച്ചടുക്കി 14- മത്തെ ഓവറിൽ 111 റൺസുമായി ആരാധകരെ വിസ്മയിപ്പിച്ച ഇന്നിംഗ്സ് അവസാനിപ്പിച്ച് സഞ്ജു കളം വിട്ടു. ടി-20യിലെ ആദ്യ സെഞ്ച്വറിയും ഇവിടെ കുറിച്ചു.

ട്രോളിയവർക്കും തളർത്തിയവർക്കും ഇനി അൽപ്പം വിശ്രമിക്കാം, അന്നു പറഞ്ഞ പോലെ മെറ്റിൽ വന്നവൻ തന്നെയാണ് അത് കൊണ്ട് നന്നായി വലിച്ചടിക്കാനുമറിയാം. ഇനി ട്രോളുമ്പോൾ അൽപ്പം സൂക്ഷിച്ചേക്കണം ഇത് സൂപ്പർ സഞ്ജു സാംസണാണ്. ബംഗ്ലാദേശിനെ പൊതിരെ തല്ലിയ സൂപ്പർ യങ്ങ് സ്റ്റാർ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments