കൊച്ചി: പോലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്. പോലീസ് തന്നെ നിരന്തരം പിന്തുടരുന്നു എന്ന് കാണിച്ചാണ് സിദ്ദിഖിൻ്റെ പരാതി. സിനിമ ചിത്രീകരിക്കുന്ന സ്ഥലത്തുൾപ്പെടെ പോലീസ് പിന്തുടരുന്നുവെന്നാണ് സിദ്ദിഖ് പരാതി ഉന്നയിക്കുന്നത്.
സാക്ഷികളെ സ്വാധീനിക്കാൻ സിദ്ദിഖ് ശ്രമിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് പിന്തുടരുന്നതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ പോലീസ് സ്വൈരജീവിതം തടസ്സപ്പെടുത്തുന്നുവെന്നും മാധ്യമങ്ങൾക്ക് വാർത്ത ചോർത്തുന്നുവെന്നും സിദിഖ് പരാതിയിൽ കുറ്റപ്പെടുത്തുന്നു. ബൈക്കുകളിലും സ്വകാര്യ വാഹനങ്ങളിലും പോലീസ് പിന്തുടരുന്നുവെന്നാണ് സിദ്ദിഖ് ആരോപിക്കുന്നത്. ഡിജിപി സിദ്ദിഖിൻ്റെ പരാതി എറണാകുളം സെൻട്രൽ എസിപിക്ക് കൈമാറി.
അതേസമയം പീഡന ആരോപണ കേസിൽ നടൻ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസും ആരോപണം ഉന്നയിച്ചു. സിദ്ദിഖിനെ ഇനി ചോദ്യം ചെയ്യേണ്ടെന്നും കോടതിയിൽ കാണാമെന്നുമുള്ള നിലപാടിലാണ് അന്വേഷണസംഘം. കോടതിയിൽ നിരപരാധി ആണെന്ന് തെളിയിക്കുന്ന തെളിവുകൾ ഉണ്ടെന്നും ഇത് കൈമാറാം എന്നും സമ്മതിച്ച സിദ്ദിഖ് ഇത്തരത്തിൽ തെളിവുകൾ കൈമാറാൻ തയ്യാറായില്ല എന്നാണ് പോലീസ് പറയുന്നത്. സിദ്ദിഖിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന നിലപാടാണ് അന്വേഷണ സംഘത്തിന്.
ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പോലീസ് ചോദ്യം ചെയ്യാനുള്ള നീക്കം മന്ദഗതിയിൽ ആക്കിയിരുന്നു. രണ്ട് തവണ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് കാണിച്ച് സിദ്ദിഖ് അന്വേഷണ സംഘത്തിന് മെയിൽ അയച്ചിരുന്നു. തുടർന്ന് രണ്ട് തവണ അന്വേഷണ സംഘം സിദ്ദിഖിനെ ചോദ്യം ചെയ്തു. രണ്ട് തവണയും സിദ്ദിഖ് സഹകരിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.