പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന ഭക്തർക്ക് ദർശനം കൂടാതെ മടങ്ങേണ്ട അവസ്ഥയുണ്ടാകില്ലെന്ന് കെ പി ഉദയഭാനു. കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ തീർത്ഥാടകരെ ഉപയോഗിച്ച് തന്നെ സമരം നടത്തുന്ന ഭക്തരെ നേരിടുമെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നൽകി. പത്തനംതിട്ട ജില്ലാ കമ്മിറ്റി സർക്കാരിന് പൂർണ്ണ പിന്തുണ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല തീർത്ഥാടകരുടെ എണ്ണം കൂടിയതാണ് തിരക്ക് ഉണ്ടാകാൻ കാരണമെന്നും ജില്ലാ സെക്രട്ടറി ഉദയഭാനു പറയുന്നു. ഭക്തരുടെ സുരക്ഷിതത്വമാണ് സിപിഎമ്മിൻ്റെ ലക്ഷ്യമെന്നും സിപിഎം ജില്ലാ സെക്രട്ടറി പറയുന്നു. അതേസമയം, ശബരിമലയിൽ ഇനി ഒരു ‘സുവർണ്ണാവസര’ത്തിനും ഇടനൽകില്ലെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ മുന്നറിയിപ്പ് നൽകി.
ഭക്തർക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് തീര്‍ത്ഥാടനം സുഗമമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. മാലയിട്ട് ശബരിമലയിൽ ദർശനത്തിനെത്തുന്ന ഒരു ഭക്തനും ദർശനം നടത്താതെ മടങ്ങേണ്ടി വരില്ലെന്നാണ് വാസവൻ നൽകുന്ന ഉറപ്പ്.
സ്പോട്ട് ബുക്കിങ്ങിന് പകരം ബദൽ സംവിധാനം ഒരുക്കുമെന്നും ഇതോടെ ആ പ്രശ്നത്തിന് പരിഹാരമാകുമെന്നും മന്ത്രി പറയുന്നു. ശബരിമല ദർശനത്തിന് പ്രതിദിനം 80,000 ഭക്തരെ മാത്രം അനുവദിക്കുക എന്നത് തീരുമാനമാണെന്നും ഇടത്താവളങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ്ങിന് സമാനമായി ഓൺലൈൻ ബുക്കിങ്ങിന് സൗകര്യം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇത്തവണ ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രമാകും അനുവദിക്കുക എന്ന സർക്കാർ നിലപാടാണ് വിവാദങ്ങൾക്ക് തുടക്കം വെച്ചത്. ഓൺലൈൻ പാസ് ഇല്ലാതെതന്നെ ശബരിമലയിൽ കടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഹൈന്ദവ സംഘടനകൾ സംയുക്ത യോഗം ചേരാനും തീരുമാനിച്ചു. സർക്കാർ സ്പോട്ട് ബുക്കിങ് അനുവദിക്കാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കാൻ പദ്ധതി ഇടുന്നതായും സംഘടനകൾ സൂചിപ്പിച്ചു.
എന്നാൽ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ സർക്കാർ തയ്യാറായിട്ടില്ല. ഭക്തരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് ദേവസ്വം ബോര്‍ഡ് നൽകുന്ന വിശദീകരണം.
സർക്കാർ കടുംപിടുത്തതിന് എതിരെ പ്രതിപക്ഷ നേതാവ് നിയമസഭയിൽ രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു. എന്നാൽ ഇതുവരെയും പ്രായോഗിക പ്രശ്നങ്ങൾ കണക്കിലെടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല.