പി. ആർ ശ്രീജേഷിനെ വട്ടം കറക്കി സർക്കാർ! പ്രഖ്യാപിച്ച 2 കോടി കിട്ടാൻ കാത്തിരിക്കേണ്ടത് 2 മാസവും ഒരാഴ്ചയും

ബാലഗോപാലിൻ്റെ 'ട്രഷറി നിയന്ത്രണം' എന്ന കടമ്പയും കടക്കേണ്ടി വരും

തിരുവനന്തപുരം : സർക്കാർ പ്രഖ്യാപിച്ച രണ്ട് കോടി പാരിതോഷികം കിട്ടാൻ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് കാത്തിരിക്കേണ്ടത് രണ്ട് മാസം . തുക കയ്യിൽ കിട്ടാൻ പിന്നെയും കടമ്പകൾ ബാക്കി . പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി താരം പി. ആർ ശ്രീജേഷിനെയാണ് പാരിതോഷികം പ്രഖ്യാപിച്ചിട്ടും നൽകാതെ സർക്കാർ വട്ടം ചുറ്റിക്കുന്നത് .

ആഗസ്ത് 23 ന് ആയിരുന്നു ശ്രീജേഷിന് 2 കോടി പാരിതോഷികം നൽകുമെന്ന സർക്കാർ ഉത്തരവ് ഇറങ്ങിയത്. ഒക്ടോബർ 30 ന് തിരുവനന്തപുരത്ത് വച്ച് നടത്തുന്ന സ്വീകരണ പരിപാടിയിൽ വച്ച് അവാർഡ് തുക കൈമാറു വെന്നാണ് കായികമന്ത്രി വി. അബ്ദു റഹിമാൻ നിയമസഭയിൽ മറുപടി നൽകിയിരിക്കുന്നത്. പാരിതോഷികം കിട്ടാൻ 2 മാസവും 7 ദിവസവും ശ്രീജേഷ് കാത്തിരിക്കേണ്ട അവസ്ഥ.

പാരിതോഷികം കയ്യിൽ കിട്ടാൻ ബാലഗോപാലിൻ്റെ ട്രഷറി നിയന്ത്രണം എന്ന കടമ്പ കൂടി ശ്രീജേഷ് കടക്കണം. ഒളിമ്പിക്സിൽ ഗോൾ വല കാത്തതിനേക്കാൾ പാടാണ് ബാലഗോപാലിൻ്റെ ട്രഷറി നിയന്ത്രണം കടക്കാൻ. 5 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ വരെ ട്രഷറിയിൽ നിന്ന് മാറൂ. അതിന് മുകളിൽ ബില്ല് മാറാൻ ധനവകുപ്പ് പ്രത്യേക അനുമതി നൽകണം.

2 കോടി കിട്ടാൻ ശ്രീജേഷിന് ധനവകുപ്പിൻ്റെ പ്രത്യേക അനുമതി വേണ്ടി വരും എന്നതാണ് അവസ്ഥ. നവംബർ ആദ്യ ആഴ്ച ശമ്പള തീയതികളാണ് . അതും കഴിഞ്ഞ് ബാലഗോപാൽ കനിഞ്ഞാൽ മാത്രമേ 2 കോടി ശ്രീജേഷിന് ലഭിക്കൂ. തിരുവനന്തപുരത്ത് ശ്രീജേഷിന് ഗംഭീര സ്വീകരണം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ട് ഏർപ്പെടുത്തിയിരുന്നു.

കായിക മന്ത്രി അബ്ദു റഹിമാൻ പാര വച്ചതോടെ ആ പരിപാടി മുടങ്ങി. ശ്രീജേഷും കുടുംബവും പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുമ്പോഴായിരുന്നു കായിക മന്ത്രി അബ്ദു റഹിമാൻ ഇടപെട്ട് പരിപാടി മുടക്കിയത്. ചടങ്ങ് മാറ്റി വച്ചതിൻ്റെ കാരണം കെ. ബാബു എം എൽ എ നിയമസഭ ചോദ്യമായി ഉന്നയിച്ചു.

കായിക മന്ത്രിയുടെ മറുപടി ഇങ്ങനെ ” ശ്രീജേഷിന് നൽകാൻ നിശ്ചയിച്ച സ്വീകരണ ചടങ്ങ് കൂടുതൽ വിപുലമായി നടത്തുന്നതിനായാണ് മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചത് “. ശിവൻകുട്ടി സംഘടിപ്പിച്ചത് വിപുലമായ പരിപാടിയല്ല എന്നാണ് കായിക മന്ത്രിയുടെ മറുപടി.

ശിവൻകുട്ടി ഈ നിയമസഭ മറുപടി കണ്ടാൽ കായിക മന്ത്രിയുടെ അവസ്ഥ എന്താണെന്ന് ഒന്ന് ഊഹിച്ച് നോൽക്കൂ. പിണറായിയുടെ അടുത്ത് ശിവൻ കുട്ടിയേക്കാൾ പിടി അബ്ദു റഹിമാന് ആണ്. ശിവൻകുട്ടി വിരട്ടിയാലും പിണറായി അബ്ദു റഹിമാന് അഭയം നൽകും എന്ന് വ്യക്തം. ഒളിമ്പിക്സിനേക്കാൾ വലിയ മൽസരം ആണ് ശ്രീജേഷിൻ്റെ സ്വീകരണ ചടങ്ങ് ഒരുക്കുന്ന കാര്യത്തിൽ ശിവൻകുട്ടിയും അബ്ദു റഹിമാനും തമ്മിൽ നടന്നത്. ജയിച്ചത് അബ്ദു റഹിമാൻ തന്നെ. തോറ്റത് ശിവൻ കുട്ടിയും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments