NationalNews

മദ്രസകൾ നിർത്തലാക്കണമെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷൻ

രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷൻ. സംസ്ഥാനങ്ങൾ മദ്രസകൾക്കുള്ള ധനസഹായം നിർത്തണമെന്നും കുട്ടികൾക്ക് ഔപചാരിക വിദ്യാഭാസം ഉറപ്പാക്കണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കമ്മീഷൻ കത്ത് മുഖേന നിർദേശം നൽകി.

കേന്ദ്ര ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂംഗോ ഒക്ടോബർ 11 നാണ് ഇത് സംബന്ധിച്ച കത്ത് സംസ്ഥാനങ്ങൾക്കയച്ചത്. ചീഫ് സെക്രട്ടറിമാർക്കാണ് നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ച് ബാലാവകാശ കമ്മീഷൻ കത്തയച്ചത്. കുട്ടികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാൻ 2005ൽ പാർലമെൻറ്റ് നിയമം വഴി രൂപീകരിച്ചതാണ് ബാലാവകാശ കമ്മീഷൻ.

‘വിശ്വാസ സംരക്ഷകർ അഥവാ അവകാശങ്ങളെ അടിച്ചമർത്തുന്നവർ: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളും മദ്രസകളും’ എന്ന ടൈറ്റിലിൽ മദ്രസകളുടെ ചരിത്രത്തെക്കുറിച്ചും കുട്ടികളുടെ വിദ്യാഭ്യാസ അവകാശലംഘനത്തിൽ മദ്രസയുടെ പങ്കിനെക്കുറിച്ചുമുള്ള റിപ്പോർട്ടിൻ്റെ ഭാഗമായാണ് ഇപ്പോൾ ശുപാർശ കത്തയച്ചത്. നേരത്തെ മദ്രസകളെ ഔപചാരിക വിദ്യാഭ്യാസ രീതിയിലേക്ക് സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലവകാശ കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ബാലാവകാശ കമ്മീഷൻ്റെ നീക്കത്തിനെതിരെ എൻഡിഎ സഖ്യകക്ഷി എൽജെപി രംഗത്തെത്തി. അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസകൾക്കെതിരെയാണ് നടപടി വേണ്ടതെന്നും, കണ്ണടച്ചുള്ള നടപടി ശരിയല്ലെന്നും എൽജെപി വക്താവ് എ കെ വാജ്പേ സൂചിപ്പിച്ചു. ബാലവകാശ കമ്മീഷൻ്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും വർഗീയ വിദ്വേഷം സൃഷ്‌ടിക്കാനുദ്ദേശിച്ച് ആണെന്നും സമാജ്‌വാദി പാർട്ടി വക്താവ്‌ ആനന്ദ് ബദൗരിയ വിമർശിച്ചു. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *