മലയാളി വൈദികൻ നേരിട്ട് കർദിനാൾ പദവിയിലേക്ക്; മോൺ.ജോർജ് ജേക്കബിന് ചരിത്ര മുഹൂർത്തം

ആരാധനാ തർക്കം അനുരഞ്ജനത്തിലൂടെ പരിഹരിക്കണമെന്ന് നിയുക്ത കർദിനാൾ.

മലയാളി വൈദികൻ ജോർജ് ജേക്കബിനെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തി. മാർപ്പാപ്പയുടെ യാത്രകളുടെ ചുമതല വഹിക്കുന്ന സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ് മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാടിനെയാണ് നേരിട്ട് കർദിനാൾ സ്ഥാനത്തേയ്ക്ക് ഉയർത്തിയത്. സിറോ മലബാർ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതാംഗമാണ് മോൺ. ജോർജ് ജേക്കബ് കൂവക്കാട്. സാധാരണ ബിഷപ്പുമാരെയാണ് കർദിനാൾ പദവിയിലേക്ക് പരിഗണിക്കാറ്. വൈദിക സ്ഥാനത്ത് നിന്ന് നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത് അപൂർവ്വ നടപടിയാണ്. ഇന്ത്യയിൽ നിന്നും ആദ്യമായാണ് ഇത്തരത്തിൽ ഒരു വൈദികനെ കർദിനാൾ പദവിയിലേക്ക് തിരഞ്ഞെടുക്കുന്നത്. കർദിനാൾ ചുമതല ഏറ്റെടുക്കുന്നതിന് മുന്നേ മോൺ. ജോർജ് കൂവക്കാടിൻ്റെ മെത്രാഭിഷേകം ചങ്ങനാശേരിയിൽ വെച്ച് നടക്കുമെന്നാണ് സൂചന.

പ്രഖ്യാപനത്തിന് പിന്നാലെ സിറോ മലബാർ സഭയിലെ ആരാധനാ തർക്കം അനുരഞ്ജനത്തിലൂടെ പരിഹരിക്കണമെന്ന് നിയുക്ത കർദിനാൾ ജോർജ് ജേക്കബ് ആഹ്വാനം ചെയ്തു. സഭയുമായി വിമത വിഭാഗം ഒത്തുചേർന്നു പോകണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

എതിർപ്പ് പ്രകടിപ്പിക്കുന്നവരും ആത്മീക മനുഷ്യർ തന്നെയാണെന്നും എല്ലാവരെയും ഒരു കുടുംബത്തിലുള്ളവരായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു കുടുംബമായാൽ അല്ലറചില്ലറ പ്രശ്നങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അതൊക്കെ കഴിഞ്ഞാൽ അനുരഞ്ജനത്തിലൂടെ മുന്നോട്ട് പോകുക എന്നതാണ് അതിൻ്റെ ശരിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവസരം ലഭിച്ചുകഴിഞ്ഞു. പ്രശ്നപരിഹാരത്തിനായി ഇനി സമയം കളയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കർദിനാൾ പദവി ഭാരത സഭയ്ക്കുള്ള സമ്മാനമാണെന്ന് മാർപാപ്പ പറഞ്ഞതായി നിയുക്ത കർദിനാൾ പറഞ്ഞു. പ്രതീക്ഷിക്കാതെയാണ് തന്റെ നിയോഗം വന്നു ചേർന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചു. മാർപാപ്പയുടെ ഇന്ത്യ സന്ദർശനം വൈകിയേക്കുമെന്നും താൻ കേരളത്തിലേക്ക് മാറുമെന്നത് അഭ്യൂഹം മാത്രമാണെന്നും നിയുക്ത കർദിനാൾ കൂട്ടിച്ചേർത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments