തിരുവനന്തപുരം : വീണ വിജയൻ്റെ മാസപ്പടി കേസിൻ്റെ വിവരങ്ങൾ നിയമസഭയിൽ നൽകാതെ നിയമ മന്ത്രി പി.രാജീവ് . വീണ വിജയൻ്റെ എക്സാ ലോജിക്ക് കമ്പനി സി എം ആർ എലിന് എന്ത് സേവനം നൽകി, എക്സാ ലോജിക്കുമായി സി എം ആർ എൽ കരാറിൽ ഏർപ്പെട്ടിരുന്നാ, കരാറിൻ്റെ പകർപ്പ് ,എക്സാ ലോജിക്കിനെ ഡി എം ആർ എൽ കമ്പനി തെരഞ്ഞെടുത്ത മാനദണ്ഡം എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് നിയമസഭയിൽ ഉന്നയിക്കപ്പെട്ടത് .
ഈ ചോദ്യങ്ങൾക്ക് മന്ത്രി പി രാജിവ് നൽകിയ മറുപടി ഇങ്ങനെയാണ്. അതായത് ” സി എം ആർ എൽ എന്ന സ്വകാര്യ കമ്പനി ഏർപ്പെട്ടിട്ടുള്ള ടെണ്ടർ നടപടികളുടെയോ, മറ്റ് പ്രവർത്തനങ്ങളുടെയോ വിവരങ്ങൾ കെ എസ് ഐ ഡി സി യുടെയോ സർക്കാരിൻ്റെയോ പരിധിയിൽ വരാത്തതിനാൽ അത്തരം വിവരങ്ങൾ ലഭ്യമല്ല “.
സി എം ആർ എൽ കമ്പനിയിൽ വ്യവസായ വകുപ്പിൻ്റെ കീഴിലുള്ള കെ എസ് ഐ ഡിസിക്ക് 13.41 ശതമാനം ഓഹരിയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം വിവരങ്ങൾ സർക്കാരിൻ്റെ കയ്യിൽ ഇല്ലെങ്കിൽ പോലും സി എം ആർ എല്ലിൽ നിന്ന് ശേഖരിക്കാൻ സർക്കാരിന് സാധിക്കും. വിവരം മറച്ച് വയ്ക്കണമെന്ന നിർബന്ധ ബുദ്ധി രാജീവിന് ഉണ്ടെന്ന് വ്യക്തം.
അതേ സമയം ഏറെ നാളുകൾക്ക് ശേഷം മാസപ്പടിക്കേസന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ വീണ്ടും ചോദ്യം ചെയ്തു എന്നാണ് വിവരം. 2 വട്ടം വീണയിൽ നിന്നും മൊഴിയെടുത്തതായാണ് സൂചന. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് വീണാ വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്.
കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി പണ ഇടപാട് നടത്തിയെന്നാണ് കേസ്. എട്ടുമാസമാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ആ സമയപരിധി അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് വീണ വിജയനിലേക്ക് നേരിട്ട് അന്വേഷണമെത്തുന്നത്.
മാസപ്പടി വിവാദമുണ്ടായി മാസങ്ങള്‍ക്കു ശേഷമാണ് എസ്.എഫ്.ഐ.ഒ നീക്കം. നേരത്തേ സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആർഒസി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (sfio) ഏറ്റെടുത്തത്.
2016-17 മുതലാണ് എക്സാലോജിക്കിനു ശശിധരന്‍ കര്‍ത്തായുടെ കരിമണല്‍ കമ്പനി അക്കൗണ്ട് വഴി പണം കൈമാറിയത്. ഐടി അനുബന്ധ സേവനത്തിനാണു പണം നല്‍കിയതെന്നാണു സിഎംആര്‍എലിന്റെയും എക്സാലോജിക്കിന്റെയും വാദം.
ഈ കാലഘട്ടത്തില്‍ പത്തിലധികം സ്ഥാപനങ്ങള്‍ എക്സാലോജിക്കുമായി വലിയ സാമ്പത്തിക ഇടപാടു നടത്തിയെന്നാണ് അക്കൗണ്ട് പരിശോധിച്ച് എസ്എഫ്ഐഒ കണ്ടെത്തിയത്. ശശിധരന്‍ കര്‍ത്തയുടെ കൊച്ചി മിനറല്‍സ് ആന്റ് റൂട്ടെല്‍ ലിമിറ്റഡ് വീണയുടെ കമ്പനിയ്ക്ക് 1.72 കോടി രൂപ നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു
.