
കൊച്ചി: ചേലക്കര, പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലേക്ക് സ്ഥാനാർത്ഥികളെ നിർണ്ണയിക്കാൻ കെപിസിസി നേതൃയോഗം ചേരുന്നു. നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സ്ഥാനാർത്ഥി നിർണ്ണയവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ന് കൊച്ചിയിൽ ചേരുന്ന യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. വയനാട് ലോക്‌സഭാ സീറ്റിലേക്ക് പ്രിയങ്കാ ഗാന്ധി എത്തുമെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു.
ഉച്ചയ്ക്ക് രണ്ടുമണിക്ക് എറണാകുളം ഡിസിസി ഓഫീസിൽ ചേരുന്ന നേതൃയോഗത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും.
ചേലക്കര നിയമസഭാ മണ്ഡലത്തിൽ കെ രാധാകൃഷ്ണൻ എംപി ആയതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് മത്സരം. ഇവിടെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വി കെ ശ്രീകണ്ഠൻ്റെ ഭാര്യ കെ എ തുളസിയുടെ പേരാണ് പരിഗണിക്കുന്നതെന്നാണ് വിവരം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു ആർ പ്രദീപിനെതിരെ കെ എ തുളസി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മണ്ഡലത്തിൽ സുപരിചിത എന്ന നിലയിൽ ഇത്തവണ രമ്യാ ഹരിദാസിന് പകരം തുളസിയെ അവതരിപ്പിക്കാനും സാധ്യതയുണ്ട്.
മുതിർന്ന നേതാവ് കെ മുരളീധരൻ്റെ പേര് പാലക്കാട്ടേക്ക് പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ മുരളീധരൻ എന്ത് നിലപാട് സ്വീകരിക്കും എന്നതും പ്രധാനമാണ്. രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ എന്നിവരെയും പാലക്കാട്ട് സീറ്റിലേക്ക് പരിഗണിക്കാൻ സാധ്യത ഉണ്ട്.