ബംഗ്ലാദേശിനെ പൊതിരെ തല്ലി ഇന്ത്യ: റൺ മഴയിൽ റെക്കോർഡും തകർന്നു

ഇന്ത്യക്കാരൻ്റെ വേഗമേറിയ രണ്ടാമത്തെ ടി20 സെഞ്ച്വറി സഞ്ജു സാംസൺ സ്വന്തം പേരിൽ കുറിച്ചു. 40 പന്തുകളിലാണ് സഞ്ജുവിൻ്റെ ഈ നേട്ടം.

india vs bangladesh t20 i

നടന്നത് എന്താണെന്ന് ഇതുവരെ ആർക്കും മനസ്സിലായില്ല, ഹൈദരാബാദിൻ്റെ മണ്ണിൽ തീപറക്കും പോരാട്ടമായിരുന്നു ഇന്നലെ. കപ്പിത്താനായി മുന്നിൽ നിൽക്കാൻ സൂപ്പർ സഞ്ജു സാംസണും. മലയാളി താരം സഞ്ജു സാംസണിലൂടെ ആരംഭിച്ച് സൂര്യകുമാര്‍ യാദവ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ് എന്നിവരിലൂടെ കുതിച്ച സ്കോറിങ് 297 റൺസിൽ അവസാനിച്ചപ്പോൾ‌ ബംഗ്ലദേശിനെതിരെ ഒരുപിടി റെക്കോർഡുകളും ടീം ഇന്ത്യ പഴങ്കഥയാക്കി. മത്സരം അവസാനിച്ചപ്പോൾ ഇന്ത്യയുടെ പോക്കറ്റിലേക്ക് 133 റൺസിൻ്റെ വിജയവും വന്നു.

രാജ്യാന്തര ടി-20 മത്സരത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്കോറെന്ന റെക്കോർഡ് ഇന്ത്യയുടെ പേരിലായി. ടെസ്റ്റ് പദവിയുള്ള ടീമുകളെ പരിഗണിച്ചാൽ ഏറ്റവും ഉയർന്ന ട്വിൻ്റി 20 സ്കോറാണിത്. 2019 ഫെബ്രുവരി 23ന് ഡെറാഡൂണിൽ അയർലന്‍ഡിനെതിരെ അഫ്ഗാനിസ്ഥാൻ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 278 റൺസാണ് ഇന്ത്യ മറികടന്നത്.

2023 സെപ്റ്റംബർ 27ന് മംഗോളിയയ്ക്കെതിരെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് അടിച്ചുകൂട്ടിയ നേപ്പാളിൻ്റെ പേരിലാണ് ഏറ്റവും ഉയർന്ന ടി20 സ്കോറിൻ്റെ റെക്കോർഡ്. ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലായിരുന്നു നേപ്പാളിൻ്റെ റെക്കോർഡ് നേട്ടം. നിലവിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടി20 സ്കോറിൻ്റെ റെക്കോർഡും ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ മറികടന്നു. 2017 ഡിസംബർ 22ന് ഇൻഡോറിൽ ശ്രീലങ്കയ്ക്കെതിരെ 5 വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 260 റൺസിൻ്റെ റെക്കോർഡാണ് ഇന്ത്യ പുതുക്കിയത്.

ക്ലാസ് സഞ്ജു

സഞ്ജു സാംസൺ

20 ഓവറിൽ 22 സിക്സുകളുടെയും 25 ഫോറുകളുടെയും അകമ്പടിയോടെയാണ് ഇന്ത്യ 297 റൺസ് അടിച്ചുകൂട്ടിയത്. ഇതിൽ എട്ടു സിക്സുകളും 11 ഫോറും സഞ്ജുവിൻ്റെ ബാറ്റിൽ നിന്നാണ് പിറന്നത്. പവർപ്ലേയിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറും ബംഗ്ലാദേശിനെതിരെ ഇന്ത്യ കുറിച്ചു – 82/1.

ടി20യിൽ രണ്ടാം വിക്കറ്റിൽ ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന കൂട്ടുകെട്ടാണ് സഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്ന് നേടിയ 173 റൺസ് കൂട്ടുകെട്ട്. ടി-20യിൽ ഒരു ഓവറിൽ ഇന്ത്യക്കാരൻ നേടുന്ന നാലാമത്തെ ഉയർന്ന സ്കോറും സഞ്ജുവിൻ്റെ പേരിലായി. റിഷാദ് ഹുസൈൻ എറിഞ്ഞ പത്താം ഓവറിൽ തുടർച്ചയായ അഞ്ച് സിക്സുകൾ‌ പറത്തിയാണ് സഞ്ജു ഉയർന്ന സ്കോറിലെത്തിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments