ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ ആരാധകര്‍ വൻ പ്രതിഷേധത്തിൽ. സമൂഹമാധ്യമങ്ങളില്‍ ഗംഭീര്‍ പങ്കുവെച്ച ക്രിക്കറ്റ് ബെറ്റിങ് ആപ്പിൻ്റെ പോസ്റ്റ് ആണ് ആരാധകരെ പ്രകോപിപ്പിച്ചത്. പാന്‍ മസാല, ക്രിക്കറ്റ് ബെറ്റിങ് ആപ്പ് എന്നിവയ്ക്കെതിരെ മുന്‍പ് കടുത്ത നിലപാടെടുത്ത ഗംഭീര്‍ ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് പങ്കുവെച്ചത് നിലപാടില്ലായിമയാണെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.
ബംഗ്ലാദേശിന് എതിരായ മൂന്നാം ടി-20ക്ക് മുന്‍പായാണ് ക്രിക്കറ്റ് ബെറ്റിങ് ആപ്പ് പരസ്യം പങ്കുവെച്ച് ഗംഭീറിൻ്റെ ട്വീറ്റ് വന്നത്. മദ്യം, പാന്‍മസാല, ഒണ്‍ലൈന്‍ ബെറ്റിങ് എന്നിവയ്ക്ക് എതിരായാണ് ഗംഭീര്‍ മുന്‍പ് പ്രതികരിച്ചിരുന്നത്. ഇവയുടെ പരസ്യങ്ങളില്‍ എത്തുന്ന ക്രിക്കറ്റ് താരങ്ങളെ ഗംഭീര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാൽ നേരെ തിരിച്ചാണ് ഇപ്പോൾ ഗംഭീർ എക്സ്സിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്.
പാന്‍ മസാല മോശവും, ബെറ്റിങ് നല്ലതാണോ എന്നാണ് ഗംഭീറിനോട് ആരാധകരുടെ ചോദ്യം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് സ്വന്തമാക്കിയതിന് പിന്നാലെ, ടി-20 പരമ്പരയും ഇന്ത്യ ഗംഭീറിന് കീഴില്‍ തൂത്തുവാരിയെങ്കിലും ഇന്ത്യന്‍ പരിശീലകന് നേര്‍ക്കുള്ള വിമര്‍ശനം മയപ്പെടുത്താന്‍ ആരാധകര്‍ തയ്യാറല്ല.
ഗംഭീര്‍ വന്നതിന് ശേഷം ആക്രമണ ക്രിക്കറ്റ് എന്ന ശൈലിയിലേക്ക് കൂടുതല്‍ മാറിയ ഇന്ത്യന്‍ ടീം ആരാധകരെ സന്തോഷിപ്പിക്കുന്നുണ്ട് എന്നിരുന്നാലും ഗംഭീറിൻ്റെ നിലപാടുകളെക്കുറിച്ച് സമൂഹങ്ങളില്‍ ചോദ്യങ്ങള്‍ ഉയരുകയാണ്. ഗംഭീറിൻ്റെ ഈ മാറ്റം വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്.