News

സെക്രട്ടേറിയറ്റ് വളപ്പിൽ വീണ്ടും പാമ്പ്; വനിതാ പൊലീസുകാരിക്ക് കടിയേറ്റു

തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വളപ്പിൽ വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരിക്ക് പാമ്പുകടിയേറ്റു. സുരക്ഷാ ഡ്യൂട്ടിക്കിടെയാണ് സംഭവം. ഉദ്യോഗസ്ഥയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ആശാ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് രാത്രികാല സുരക്ഷയ്ക്കായി 10 വനിതാ പോലീസുകാരെ ഇവിടെ നിയോഗിച്ചിരുന്നത്. എട്ട് പേർ സമരപ്പന്തലിന് സമീപവും രണ്ട് പേർ സെക്രട്ടേറിയറ്റ് വളപ്പിനുള്ളിലുമായിരുന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഇതിൽ അകത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയ്ക്കാണ് പാമ്പുകടിയേറ്റത്.

പൊലീസുകാരി ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. മുൻപും സെക്രട്ടേറിയറ്റ് വളപ്പിൽ നിന്നും പാമ്പുകളെ പിടികൂടിയിട്ടുണ്ട്. കാടുപിടിച്ച് കിടക്കുന്ന പ്രദേശം വൃത്തിയാക്കാത്തതാണ് പാമ്പ് ശല്യത്തിന് കാരണമെന്ന് ജീവനക്കാർക്കിടയിൽ പരാതിയുണ്ട്.