തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കള്ളുഷാപ്പുകളുടെ എണ്ണത്തിലും വിൽപ്പനയിലും കണക്കില്ലെന്ന് എക്സൈസ് മന്ത്രി. നിയമസഭയിൽ മാത്യു കുഴൽനാടൻ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി കണക്കില്ലെന്ന് മറുപടി നൽകിയത്. സർക്കാർ വ്യക്തമാക്കേണ്ട കണക്കുകൾ ചോദിക്കുമ്പോൾ കൃത്യമായ മറുപടി നൽകാതെ കൈമലർത്തുന്ന സമീപനം നിയമസഭയിൽ പതിവാകുകയാണ്.
കേരളത്തിലെ കള്ളുഷാപ്പുകളും കള്ള് വിൽപ്പനയുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സഭയിൽ ഉയർത്തിയ ചോദ്യത്തിന് വിവരങ്ങൾ ശേഖരിക്കുക ആണെന്ന വിചിത്രമായ മറുപടിയാണ് മന്ത്രി നൽകിയത്. സർക്കാർ ഈ വിവരങ്ങൾ ശേഖരിക്കുകയാണെന്നാണ് എക്സൈസ് മന്ത്രി നൽകുന്ന വിശദീകരണം.
കേരളത്തിൽ പ്രവർത്തിക്കുന്ന ഷാപ്പുകളുടെ എണ്ണം, ഒരു ദിവസത്തെ ശരാശരി വിൽപ്പന, ജില്ല തിരിച്ചുകൊണ്ടുള്ള ഷാപ്പുകളുടെ എണ്ണം എന്നിവ ആരാഞ്ഞുള്ള അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് പോലും മന്ത്രിയുടെ പക്കൽ ഉത്തരമില്ലാത്ത അവസ്ഥയാണ്.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഷാപ്പുകൾക്ക് കള്ള് ചെത്താവുന്ന തെങ്ങ്, പന എന്നിവയ്ക്ക് പരിധിയുണ്ടോ? ഉണ്ടെങ്കിൽ എത്രയാണ്? ആഭ്യന്തരമായി ഉൽപാദിപ്പിക്കപ്പെടുന്ന കള്ളിൻ്റെ അളവ് എത്ര? വിതരണത്തിനായി പുറത്തുനിന്നുള്ള കള്ളുഷാപ്പുകളെ ആശ്രയിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എത്ര? ബിനാമി പേരുകളിൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പുകൾ ഉണ്ടോ. ഉണ്ടെങ്കിൽ എത്ര? തുടങ്ങിയ നിസ്സാരമായ ചോദ്യങ്ങൾക്കാണ് എക്സൈസ് മന്ത്രിയായ എം ബി രാജേഷ് ഉത്തരമില്ലാതെ കുഴങ്ങിയത്.
അതേസമയം ഏപ്രിൽ മാസത്തിൽ കുട്ടനാട് കേന്ദ്രീകരിച്ചു നടന്ന റെയ്ഡിൽ ഷാപ്പ് മാനേജർ അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ലൈസൻസ് ഇല്ലാതെ കള്ള് വിൽപ്പന നടത്തിയതിനാണ് ആറ്റുമുകം ഷാപ്പിൻ്റെ മാനേജറേ കസ്റ്റഡിയിൽ എടുത്തത്. അളവിൽകൂടുതൽ കള്ള് വിതരണം ചെയ്ത ഷാപ്പുകൾക്കെതിരെ നടപടിയെക്കുകയും ചെയ്തിരുന്നു.
കള്ള് വിലപ്പനയുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന വർത്തയുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎ ചോദ്യങ്ങൾ ഉന്നയിച്ചത്.