കൊച്ചി : ഗുണ്ടാനേതാവ് ഓംപ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ആശ്വാസം. ലഹരിക്കേസിൽ ഇരുവർക്കും എതിരായുള്ള തെളിവുകളൊന്നും ഇതുവരെ ലഭ്യമായില്ലെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇരുവരെയും ഈ വിഷയത്തിൽ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇനി ആവശ്യമെങ്കിൽ മാത്രം വീണ്ടും മൊഴിയെടുക്കാൻ വിളിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, ഇവരല്ലാതെ മറ്റ് സിനിമാതാരങ്ങൾ ആരും തന്നെ വന്നു എന്നതിന്റെ തെളിവും ലഭ്യമായിട്ടില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിച്ചത്.
കേസിൽ നേരത്തെ തന്നെ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ലഹരി പാർട്ടിയിയില്‍ പങ്കെടുത്തിട്ടില്ലെന്നും ഓം പ്രകാശുമായി ബന്ധമില്ലെന്നുമാണ് ചോദ്യം ചെയ്യലിൽ ഇരുവരും മൊഴി നൽകിയത്.
അതേസമയം, ഹോട്ടലിൽ എത്തിച്ച ബിനുവുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നുവെന്ന് ശ്രീനാഥ് ഭാസി മൊഴി നൽകിയിരുന്നു. ഈ ഇടപാടുകളെ പറ്റി പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹോട്ടൽ മുറിയിലെ ഫോറൻസിക്ക് പരിശോധന റിപ്പോർട്ടിനും കാത്തിരിക്കുകയാണ് അന്വേഷണസംഘം.
ഓം പ്രകാശിന്റെ മുറിയിലെത്തിയ കുറച്ചു പേരുടെ കൂടി മൊഴിയെടുക്കാനുണ്ട്. ഇവരുടെ മൊഴികളും താരങ്ങളുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യം കണ്ടെത്തിയാലും മറ്റ് എന്തെങ്കിലും തെളിവു കിട്ടിയാലും മാത്രമാകും ഇനി ശ്രീനാഥ് ഭാസിയേയും പ്രയാഗയേയും വിളിപ്പിക്കുക.