തിരുവനന്തപുരം: രാജ്‌ഭവനിൽ നിന്നും ഉദ്യോഗസ്ഥരെ വിലക്കിയ നടപടിയിൽ ഗവർണർക്കെതിരെ ഫേസ്ബുക് പോസ്റ്റുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഗവർണർ ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും ഒരു സംഘിയായി തിരിച്ചുവന്നിരിക്കുകയാണെന്നും, ഗവർണർ സൂപ്പർ മുഖ്യമന്ത്രിയാകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും രാജ്‌ഭവനിലേക്ക് വിളിക്കാൻ ഗവർണർക്ക് എന്താണ് അധികാരമെന്നും ഇത് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണെന്നും എം വി ജയരാജൻ പറഞ്ഞു. ഗവർണർ എന്തൊക്കെ നിലപാടുകൾ സ്വീകരിച്ചാലും മുഖ്യമന്ത്രിയുടെ ജനപിന്തുണ ഒരിക്കലും കുറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരവുകൾ ഇറങ്ങുന്നത് ഗവർണറുടെ പേരിലാണെങ്കിലും ഈ സംസ്ഥാനം ഭരിക്കുന്നതിനായി ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധിയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിചേർത്തു. ഗവർണർമാർ ഇങ്ങനെ തുടർന്നാൽ ഇനി അധികാരത്തിൽ വരുന്ന ഗവർണർമാർ സംഘികളായിരിക്കുമെന്നും പറഞ്ഞു.
അധികാരത്തിൻ്റെ കാലാവധി കഴിഞ്ഞാൽ പിന്നീട് ആ സ്ഥാനത്ത് തുടരരുതെന്നും, സ്ഥാനം ഒഴിഞ്ഞു പോകേണ്ടത് അവരുടെ കർത്തവ്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണർ ‘തറവേല’കൾ ഇപ്പോളൊന്നും തുടങ്ങിയതല്ല. ആദ്യത്തെ ‘തറവേല’ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് തുടങ്ങിയതാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. പിന്നീട് അദ്ദേഹം കേരള സർവകാലശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയും ‘തറവേല’ തുടർന്നു കൊണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ കാണിച്ച ‘തറവേല’കളും തൊട്ടിത്തരങ്ങളും ഇങ്ങനെ ഒട്ടേറെയാണ്. എന്നാൽ ഈ കാണിച്ച തറവേലകൾ എല്ലാം തന്നെ ഹൈക്കോടതി റദ്ദാക്കിയെന്നും ജയരാജൻ പറയുന്നു. ഈ ‘തറവേല’കൾ ഒന്നും ഏൽക്കാതെ വന്നപ്പോളാണ് അദ്ദേഹം രാജ്‌ഭവനിൽ നിന്നും ഉദ്യോഹസ്ഥരെ വിലക്കിക്കൊണ്ട് അടുത്ത പണി തുടങ്ങിയതെന്നും ഇതിനു മറുപടിയായി ഗവർണർക്ക് ചുട്ട മറുപടി കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.