അടുത്ത ആഴ്ച തുടങ്ങുന്ന ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഉടൻ പ്രഖ്യാപിക്കും. പരിക്കിൽ നിന്ന് മോചിതനായെങ്കിലും കളിയുടെ ഫോമിലേക്ക് തിരിച്ചു വരാൻ ഷമിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പേസർ മുഹമ്മദ് ഷമിയെ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിൽ ഉൾപ്പെടുത്താനിടയില്ലെന്നാണ് കരുതുന്നത്. പരിക്കിൽ നിന്ന് മോചിതരാകുന്ന താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് മാച്ച് ഫിറ്റ്നെസ് തെളിയിച്ചാൽ മാത്രമെ ദേശീയ ടീമിലേക്ക് പരിഗണിക്കു എന്ന നിയമം നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച രഞ്ജി ട്രോഫിക്കുള്ള ബംഗാൾ ടീമിൽ ഷമിയെ ഉൾപ്പെടുത്താത് മാച്ച് ഫിറ്റ്നെസ് വീണ്ടെടുക്കാത്തതുകൊണ്ടാണെന്ന് അധികൃതർ അറിയിച്ചു. ഇതോടെ അടുത്ത മാസം തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലേ ഷമിയെ പ്രതീക്ഷിക്കേണ്ടതുള്ളു. ദുലീപ് ട്രോഫിയിലും ഇറാനി ട്രോഫിയിലും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ശ്രേയസ് അയ്യർക്കും ടെസ്റ്റ് ടീമിൽ ഇടം ലഭിക്കില്ല. ഇറാനി ട്രോഫിയിൽ മുംബൈക്കായി ഇരട്ട സെഞ്ചുറി നേടിയ സർഫറാസ് ഖാനെ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ നിലനിർത്തും.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച ഭൂരിഭാഗം താരങ്ങളും ന്യൂസിലൻഡിനെതിരായ പരമ്പരയിലും സ്ഥാനം നിലനിർത്തും. ബാറ്റിംഗ് നിരയിൽ യശസ്വി ജയ്സ്വാൾ, ക്യാപ്റ്റൻ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, കെ എൽ രാഹുൽ, റിഷഭ് പന്ത് എന്നിവർ തുടരുമെന്നാണ് കരുതുന്നത്.
ഓൾ റൗണ്ടർമാരായി രവീന്ദ്ര ജഡേജ, ആർ അശ്വിൻ, കുൽദീപ് യാദവ് എന്നിവരും ടീമിലുണ്ടാകും. സ്പെഷലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവും ടീമിൽ തുടരും. പേസർമാരായി ആകാശ് ദീപും ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും തുടരുമ്പോൾ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെലും ടീമിൽ സ്ഥാനം നിലനിർത്തും. ബാക്ക് അപ്പ് ഓപ്പണറായി അഭിമന്യു ഈശ്വരനെയോ റുതുരാജ് ഗെയ്ക്‌വാദിനെയോ ടീമിലേക്ക് പരിഗണിക്കുമെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ന്യൂസിലൻഡ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുൻ നായകൻ കെയ്ൻ വില്യംസൺ ആദ്യ ടെസ്റ്റിനുണ്ടാവില്ല. 16ന് ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.