കൊല്‍ക്കത്ത: ഡോക്ടര്‍മാരുടെ കൂട്ട രാജി സ്വീകരിക്കില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍. കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബലാല്‍സംഗ കൊലയ്ക്ക് ഇരയായ പിജി ജൂനിയര്‍ ഡോക്ടര്‍ക്കായിട്ടാണ് മറ്റ് ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലിറങ്ങിയത്. പല തവണ തങ്ങളുടെ ആവിശ്യങ്ങളുമായി ബന്ധപ്പെട്ട് ബംഗാള്‍ സര്‍ക്കാരിനെ അവര്‍ നേരിട്ട് സമീപിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാരിന് പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനെതിരെ നിരാഹാര സമരം കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ നടത്തിയിരുന്നു.
കൂട്ടരാജി സമര്‍പ്പിച്ചാല്‍ മതിയാകില്ലായെന്നും വ്യക്തിപരമായിട്ടാണ് രാജി സ്വീകരിക്കുന്നതെന്നുമാണ് സർക്കാരിന്റെ നിലവിലെ നിലപാട്. വ്യക്തിപരമായി സമർപ്പിക്കാത്തതൊന്നും രാജിയായി പരിഗണിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവ് അലപന്‍ ബന്ദ്യോപാധ്യായ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രത്യേക പ്രശ്നങ്ങളൊന്നും പരാമര്‍ശിക്കാതെ ഡോക്ടര്‍മാര്‍ അയച്ച കത്തുകള്‍ വെറും കൂട്ട ഒപ്പ് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ട തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കുക, സംസ്ഥാന ആരോഗ്യ സെക്രട്ടറി രാജി വെയ്ക്കുക, ജോലി സ്ഥലത്തെ സുരക്ഷ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സര്‍ക്കാരിന്റെ മുന്നില്‍ ഡോക്ടര്‍മാര്‍ വെച്ചത്.