KeralaNewsPolitics

അർധരാത്രിയിൽ പാലക്കാട്ട് വനിതാ കോൺഗ്രസ് നേതാക്കളുടയടക്കം ഹോട്ടൽമുറികളിൽ പോലീസ് പരിശോധന

പാലക്കാട് : വാശിയേറിയ ഉപതിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ അർധരാത്രി പോലീസിന്റെ പരിശോധന. തിരഞ്ഞെടുപ്പിനായി കള്ളപ്പണം ഒളിപ്പിച്ചെന്ന പേരിലായിരുന്നു പരിശോധന. എന്നാൽ കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന മുറിയിൽ പോലീസ് അർധരാത്രിയിൽ പരിശോധന നടത്തിയത് വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.

പാലക്കാട് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി കള്ളപ്പണം എത്തിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഘം അര്‍ധരാത്രി 12 മണിയോടെ പരിശോധനയ്‌ക്കെത്തിയതെന്നാണ് വിവരം. പോലീസ് ആദ്യം പരിശോധന നടത്തിയത് കോണ്‍ഗ്രസ് വനിതാനേതാവായ ബിന്ദു കൃഷ്ണയുടെ മുറിയിലാണ്. തുടർന്ന് ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ പോലീസ് പരിശോധനയ്‌ക്കെത്തി. എന്നാൽ വനിതാ പോലീസ് ഇല്ലാതെ പരിശോധന നടത്താനാവില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ തീർത്ത് പറഞ്ഞു. കൂടാതെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് അതിന് തയ്യാറായില്ലെന്നും മുറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നും വനിതാനേതാക്കള്‍ പറയുന്നു.

അതേസമയം, സ്ത്രീകളെന്ന രീതിയിൽ വലിയ അഭിമാനക്ഷതമുണ്ടായതായി ബിന്ദു കൃഷ്ണ പറയുന്നു. ‘‘ ഉറങ്ങി കിടന്നപ്പോൾ മുറിക്ക് പുറത്ത് പുരുഷൻമാരുടെ വലിയ ബഹളം കേട്ടാണ് ഉറക്കത്തിൽനിന്ന് എഴുന്നേറ്റത്. ആരോ ബെല്ലടിച്ചു. വാതിൽ തുറന്നപ്പോൾ പൊലീസായിരുന്നു. മുറി പരിശോധിക്കണമെന്ന് പറഞ്ഞു. ഞാനും ഭർത്താവുമാണു മുറിയിലുണ്ടായിരുന്നത്. പൊലീസ് മുറിയിലേക്ക് ഇരച്ചു കയറി. നാല് പെട്ടി മുറിയിലുണ്ടായിരുന്നു. വസ്ത്രം മുഴുവൻ വലിച്ച് പുറത്തിട്ടു. എല്ലാം പരിശോധിക്കാൻ ഞാൻ പറഞ്ഞു. പരിശോധന കഴിഞ്ഞപ്പോൾ ഒന്നും കിട്ടിയിട്ടില്ല എന്ന് എഴുതി തരാൻ പറഞ്ഞു. വലിയ ഗൂഢാലോചന നടന്നുവെന്നും അങ്ങേയറ്റം നീതി നിഷേധമാണുണ്ടായതെന്നും ബിന്ദു കൃഷ്ണ പറയുന്നു.

ഇതിനു പിന്നാലെ സംഭവ സ്ഥലത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ പോലീസിനെതിരെ തിരിഞ്ഞു. ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍നിന്ന് ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് എഴുതി നൽകിയിട്ടുണ്ട്. സംഭവമറിഞ്ഞ് രാത്രി 1.30-ഓടെ എം.പി.മാരായ ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്ഠന്‍ എന്നിവര്‍ എത്തിച്ചേരുകയും ചർച്ച നടത്തുകയും ചെയ്തു. അതേസമയം, അര്‍ധരാത്രി 12ന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞും തുടർന്നിരുന്നു. ഇതിനിടയിൽ പലതവണ സ്ഥലത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും കൈയാങ്കളിയുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *