NationalPolitics

‘ഇനി എത്ര കുടുംബങ്ങളെ ഇതുപോലെ നശിപ്പിക്കും’. ട്രെയിന്‍ അപകടത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ തീവണ്ടി അപകടത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിനെതിരെ വളരെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. എല്ലാ ഉത്തരവാദിത്വങ്ങളും മുകളില്‍ നിന്നാണ് തുടങ്ങേണ്ടതെന്നും ഇനിയും എത്ര പേരുടെ ജീവന്‍ അപകടത്തിലാകുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. നിരവധി അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടും ബിജെപി പാഠങ്ങളൊന്നും പഠിക്കുന്നില്ല. ഈ അപകടം ഭീകരമായ ബാലസോര്‍ അപകടത്തെ പ്രതിഫലിപ്പിക്കുന്നതാണ്.

ഈ സര്‍ക്കാര്‍ ഉണരുന്നതിന് മുമ്പ് എത്ര കുടുംബങ്ങള്‍ കൂടി നശിപ്പിക്കപ്പെടണമെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് ചെന്നൈ റെയില്‍വേ ഡിവിഷനിലെ പൊന്നേരി – കവരപ്പേട്ട സെക്ഷനില്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ എത്തിയ എക്‌സ്പ്രസ് ട്രെയിന്‍ ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചത്. പ്രധാന പാതയിലേയ്ക്ക് കയറിയതിന് പകരം ലൂപ് ലൈനിലേയ്ക്ക് കയറിയതാണ് അപകടം നടക്കാന്‍ കാരണമായത്.

ഇത് നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കാനും ഒരു കോച്ചിന് തീപിടിക്കാനും ഇടയാക്കി. 19 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റെങ്കിലും ആളപായം ഉണ്ടായില്ലെന്നത് ആശ്വാസകരമായ വാര്‍ത്തയായിരുന്നു. രാഹുല്‍ ഗാന്ധിക്ക് പുറമേ പ്രിയങ്ക ഗാന്ധിയും ട്രെയിന്‍ അപകടത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു. ”ട്രെയിന്‍ അപകടങ്ങള്‍ രാജ്യത്ത് വളരെ സാധാരണമായിരിക്കുന്നു, ഒന്നിനു പുറകെ ഒന്നായി സംഭവിക്കുന്നുണ്ടെങ്കിലും, ഒരു ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ആവശ്യമായ നടപടിയെടുക്കുകയോ ചെയ്യുന്നില്ല. സുരക്ഷിതമായ ട്രെയിന്‍ യാത്രയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ മുഖം തിരിക്കുന്നുവെന്നും പ്രിയങ്കഗാന്ധി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *