തിരുവനന്തപുരം: മണ്ഡല കാലത്ത് ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഉണ്ടാവില്ലെന്ന സർക്കാർ ഉത്തരവിനെതിരെ സംയുക്ത യോഗം വിളിച്ച് ഹൈന്ദവ സംഘടനകൾ. ആചാര സംരക്ഷണ സമിതി, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം ഉൾപ്പെടെ വിവിധ ഹൈന്ദവ സംഘടനകളാണ് സംയുക്ത യോഗം ചേരാൻ നിശ്ചയിച്ചത്. ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻഎസ്എസ് അധ്യക്ഷൻ ജി സുകുമാരൻ നായർ പറഞ്ഞു.
ഈ മാസം 26 ന് പന്തളത്ത് ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ചേരാനാണ് പദ്ധതി. തീർത്ഥാടന കാര്യത്തിൽ ഭക്തരുടെ ക്ഷേമം ഉറപ്പിക്കുന്നതിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥകാട്ടുന്നുവെന്നാണ് സംഘടനകൾ ഉയർത്തുന്ന പ്രധാന ആരോപണം. ഇതിനെതിരെ സമരപരിപാടികളും ബോധവൽക്കരണവുമായി മുന്നോട്ട് പോകാനും സംഘടനകൾ തീരുമാനിച്ചു.
ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപിയും വിയോജിപ്പ് അറിയിച്ചിരുന്നു. ബുക്കിങ് ഇല്ലാതെ തന്നെ ശബരിമലയിൽ പ്രവേശിക്കുമെന്നും തടഞ്ഞാൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ആർഎസ്എസ് അടക്കം എല്ലാ ഹൈന്ദവ സംഘടനകളെയും പന്തളത്ത് ചേരുന്ന സംയുക്ത യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് ഒഴിവാക്കാനുള്ള ദേവസ്വം ബോർഡ് നീക്കം മണ്ഡലകാലം വീണ്ടും സംഘർഷഭരിതമാക്കാനുള്ള സർക്കാർ നീക്കമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ വി ബാബു കുറ്റപ്പെടുത്തി.