ന്യൂഡൽഹി: തൊഴിൽരഹിതരായ യുവാക്കൾക്കായുള്ള കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതിക്ക് ഇന്ന് തുടക്കമിടുകയാണ്. വരുന്ന 5 വർഷത്തിനുള്ളിൽ 500 മുൻ നിര കമ്പനികളിൽ ജോലി വാഗ്ദാനം നൽകിക്കൊണ്ടാണ് ഈ പദ്ധതിക്കിന്ന് തുടക്കമിട്ടിരിക്കുന്നത്. പിഎം ഇന്റേൺഷിപ്പ് എന്ന പേരിലാണ് ഈ പദ്ധതി ജനങ്ങളിലേക്ക് എത്തുന്നത്. ഇന്റേൺഷിപ്പിലേക്കു അപക്ഷകൾ ക്ഷണിക്കാൻ ആരംഭിച്ചു. ഇന്ന് മുതൽ ഒക്ടോബർ 25 വരെയാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
200 കമ്പനികളിലായി ആകെ 90849 പേർക്കാണ് ആദ്യ ഘട്ടത്തിൽ അവസരമൊരുങ്ങുന്നത്. 21 മുതൽ 24 വയസുവരെ ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. pminternship.mca.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ അയക്കേണ്ടത്. ഓയിൽ ആൻഡ് ഗ്യാസ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നീ രംഗങ്ങളിലാണ് കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ പദ്ധതി വഴി രാജ്യത്തുടനീളമുള്ള മികച്ച 500 കമ്പനികളിലാണ് അവസരങ്ങൾ ലഭിക്കുക. ഓരോ വർഷവും 1 കോടി യുവാക്കൾക്ക് ഇൻ്റേൺഷിപ്പ് നൽകുമെന്ന വാഗ്ദാനവും കേന്ദ്ര സർക്കാർ നൽകുന്നുണ്ട്. പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡും 6,000 രൂപ ഒറ്റത്തവണ ധനസഹായവും സർക്കാർ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിക്കാവശ്യമായ ക്രമീകരണങ്ങൾക്കായി ചെയ്യാൻ 2 ലക്ഷം കോടി രൂപയുടെ ബജറ്റ് വിനിയോഗിച്ചിട്ടുണ്ട്. റിലയൻസ്, അദാനി ഗ്രൂപ്പ്, മഹീന്ദ്ര എന്നിവയുൾപ്പെടെ പ്രശസ്ത കോർപ്പറേറ്റ് കമ്പനികൾ ഇതിനകം തന്നെ പദ്ധതിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.