
ഏഷ്യന്‍ സുരക്ഷാ ഉച്ചകോടി നടക്കാനിരിക്കെ പാക്കിസ്ഥാനില്‍ 20 ഖനി തൊഴിലാളികളെ ഭീകരര്‍ വധിച്ചു
പാകിസ്ഥാന്‍: തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ കല്‍ക്കരി തൊഴിലാളികളായ 20 പേര്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വ്യാഴാഴ്ച രാത്രി ദുകി ജില്ലയിലെ കല്‍ക്കരി ഖനിയിലെ ജോലിക്കാരുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറിയ ഭീകരര്‍ ആളുകളെ വളഞ്ഞിട്ട് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ഹമയൂണ്‍ ഖാന്‍ നാസിര്‍ പറഞ്ഞു. അക്രമികള്‍ ഖനിയിലേക്ക് റോക്കറ്റുകളും ഗ്രനേഡുകളും എറിയുകയും യന്ത്രങ്ങള്‍ കേടുവരുത്തിയതായും അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്ത് പ്രധാന സുരക്ഷാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനിരിക്കെയാണ് ഈ ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തംനിലവില്‍ ഒരു തീവ്രവാദ ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല, എന്നാല്‍ സിവിലിയന്മാരെയും സുരക്ഷാ സേനയെയും ലക്ഷ്യം വച്ചുള്ള നിയമവിരുദ്ധമായ ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു.
ഓഗസ്റ്റില്‍ സംഘം ഒന്നിലധികം ആക്രമണങ്ങള്‍ നടത്തിയിരുന്നു. അതില്‍ 50-ലധികം പേര്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കല്‍ക്കരി ഖനിയിലെ കൊലപാതകങ്ങളില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും തീവ്രവാദം ഇല്ലാതാക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. തൊഴിലാളികളെ കൊലപ്പെടുത്തിയവര്‍ക്ക് നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി പറഞ്ഞു.