സിനിമയിലെ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം അന്വേഷിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച അടിയന്തര പ്രമേയം തള്ളിയത് സർക്കാരിന് നാണക്കേടെന്ന് പ്രതിപക്ഷ നേതാവ്. ഹേമ കമ്മിറ്റിയിൽ ചര്‍ച്ച ആവശ്യപ്പെട്ട് കെകെ രമ എംഎൽഎ നല്‍കിയ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കര്‍ തള്ളി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ നോട്ടിസ് അവതരിപ്പിക്കാൻ പോലും അനുമതി നൽകാൻ ആവില്ലെന്നാണ് സ്പീക്കര്‍ അടിയന്തര പ്രമേയം തള്ളി വ്യക്തമാക്കിയത്. ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ച നിയമസഭ കൗരവ സഭയായി മാറുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
വിഷയം ചര്‍ച്ച ചെയ്യാൻ തയ്യാറാകാത്ത നടപടിയിൽ പ്രതിക്ഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ഇരകളുടെ പേര് പറഞ്ഞ് വേട്ടക്കാര്‍ക്ക് തണലൊരുക്കുന്ന നാണക്കേടിന്‍റെ പേരാണ് ഇടതുപക്ഷ സർക്കാരെന്ന് പ്രമേയം അവതരിപ്പിച്ച കെകെ രമ വിമർശിച്ചു. ഹൈക്കോടതി പരിഗണനയിൽ ഉള്ളപ്പോൾ സോളാര്‍ കേസുള്‍പ്പെടേ നിരവധി വിഷയങ്ങള്‍ നിയമസഭ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സ്പീക്കറുടെ നടപടി കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുമതി നിക്ഷേധിച്ചതിൽ പ്രതിക്ഷേധിച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷം നിയമസഭയ്ക്ക് പുറത്ത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. സര്‍ക്കാര്‍ പ്രതിക്കൂട്ടിലായതിനാലാണ് ചര്‍ച്ച അനുവദിക്കാത്തതെന്നും റിപ്പോര്‍ട്ട് മൂടിവച്ച സര്‍ക്കാര്‍ നടപടി ക്രിമിനല്‍ കുറ്റമാണെന്നും വിമർശനം ഉയർന്നു.
ഇരകള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അതുകൊണ്ടാണ് പോലീസിൽ മൊഴിനല്‍കാന്‍ തയ്യാറാകാത്തതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇത് സ്ത്രീവിരുദ്ധ സർക്കാരാണെന്നും നടപടി വഞ്ചനാപരമെന്നും കെ.കെ രമ കുറ്റപ്പെടുത്തി.