
യുദ്ധഭൂമിയിൽ പരിഹാരം കിട്ടില്ല, സമാധാനം ചർച്ചയിലൂടെ ഉറപ്പാക്കണമെന്ന് നരേന്ദ്ര മോദി
ലോകത്തിലെ സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കാൻ മാനുഷിക സമീപനം വേണമെന്ന് നരേന്ദ്ര മോദി. യുദ്ധഭൂമിയിൽ പരിഹാരം കിട്ടില്ലെന്നും ചർച്ചകളിലൂടെയും നയതന്ത്ര വഴികളിലൂടെയും സമാധാനം ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ലാവോസിലെ വിയന്റിയാനിൽ നടന്ന 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ലാവോസ്, തായ്‌ലൻഡ് രാജ്യങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചയും നടത്തി.
ഭീകരതയ്‌ക്കൊപ്പം സൈബർ-സമുദ്ര വെല്ലുവിളികളും ആഗോളസമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും അവയെ ചെറുക്കാൻ രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇൻഡോ-പസഫിക് മേഖല, ഇന്ത്യയുടെ ഇൻഡോ-പസഫിക് സമീപനം, ക്വാഡ് സഹകരണം എന്നിവയിൽ ആസിയാൻ വഹിക്കുന്ന പങ്കും അദ്ദേഹം പ്രത്യേകം സൂചിപ്പിച്ചു.
കിഴക്കൻ ഏഷ്യ ഉച്ചകോടിയിലെ പങ്കാളിത്തം ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമാണെന്നും ഉച്ചകോടിയിൽ അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സമാധാനത്തിനും വികസനത്തിനും ഏവരെയും ഉൾക്കൊള്ളുന്ന സമീപനം വേണമെന്നും അദ്ദേഹം പറഞ്ഞു. വികസനാധിഷ്ഠിത സമീപനം പൂർവേഷ്യൻ രാജ്യങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലാവോസ് പ്രസിഡന്റുമായ തോംഗ്‌ലുൻ സീസുലിത്തുമായി ഇന്നു വിയന്റിയാനിൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷിബന്ധത്തെക്കുറിച്ച് ചർച്ചചെയ്യുകയും സഹകരണം ഉറപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. വികസനപങ്കാളിത്തം, പൈതൃകപുനരുദ്ധാരണം, സാംസ്കാരികവിനിമയം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിലെ വിജയം പ്രത്യേക ചർച്ചയായി.
തായ്‌ലാൻഡ് പ്രധാനമന്ത്രി പേറ്റോങ്ടര്‍ണ്‍ ഷിനവത്രയുമായും പ്രധാനമന്ത്രി ചർച്ച നടത്തി. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള പ്രഥമ കൂടിക്കാഴ്ചയായിരുന്നു ഇത്. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. പ്രാദേശിക, ബഹുമുഖ വേദികളില്‍ അടുത്ത സഹകരണം ഉണ്ടാക്കുന്നതിനുള്ള വഴികളെക്കുറിച്ചുള്ള വീക്ഷണങ്ങളും ചർച്ചയുടെ ഭാഗമായി.