
മലയാളത്തിന്റെ സ്വന്തം നെടുമുടി വേണു വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വർഷം. അരങ്ങില്‍ അഭിനയത്തിന്റെ മാറ്റുരച്ച് മിനുക്കിയെടുത്ത് വെള്ളിത്തിരയില്‍ പ്രകാശിച്ച് ഇതിഹാസതുല്യനായി മാറിയ നെടുമുടി വേണു 2021 ഒക്ടോബര്‍ 11നാണ് തന്റെ ചലച്ചിത്ര സപര്യയില്‍ നിന്നും കാലത്തിന്റെ ചിര സ്മരണയിലേക്ക് മാഞ്ഞത്. ഒട്ടനവധി വിസ്യകരമാം കഥാപാത്രങ്ങള്‍ ഇനിയും ബാക്കി വച്ചിട്ടായിരുന്നു നെടുമുടി വേണുവിന്റെ വിയോഗം.
അവശതയുടെ കാലത്തും ഉത്തരവാദിത്വം ഏറ്റെടുത്ത ഒരോ കഥാപാത്രവും പൂര്‍ത്തിയാക്കിയാണ് നെടുമുടി വേണു വിടവാങ്ങിയത്. അതിനാല്‍ തന്നെ 2024 ഇറങ്ങിയ മനോരഥങ്ങള്‍, ഇന്ത്യന്‍ 2 പോലുള്ള ചിത്രങ്ങളില്‍ നാം വീണ്ടും നെടുമുടിയുടെ സാന്നിധ്യം അറിഞ്ഞു. നാടകത്തില്‍ അവനവൻ കടമ്പ ആയിരുന്നു നെടുമുടി വേണുവിനെ കലാലോകത്ത് ആദ്യം ശ്രദ്ധേയനാക്കിയത്.
കാവാലത്തിന്റെ കളരിയില്‍ തെളിഞ്ഞ അഭിനയം വെള്ളിത്തിരയിലേക്ക് എത്തിച്ചത് തമ്പിലൂടെ അരവിന്ദനായിരുന്നു. ഭരതൻ ആരവത്തിലേക്കും തകരയെന്ന ചിത്രത്തിലേക്കും നെടുമുടി വേണുവിനെ ക്ഷണിച്ചപ്പോള്‍ മലയാളത്തിന്റെയും രാശി തന്നെ മാറുകയായിരുന്നു. താളബോധമുള്ള തന്റെ ഉടലിനെയും ഭാവങ്ങളെയും കഥാപാത്രങ്ങളിലേക്ക് ചേർത്തുനിർത്തിയ നെടുമുടി വേണുവിന്റെ അഭിനയ ശൈലി ഇന്ത്യൻ സിനിമയിലെ ഒന്നാം നിര നടനാക്കി അദ്ദേഹത്തെ വളർത്തിയത് ചരിത്രം.
നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം മികവോടെ അവതരിപ്പിച്ചു. അയത്ന ലളിതമായ സ്വാഭാവിക അഭിനയത്തിന്റെ മറ്റൊരു മാതൃക നെടുമുടി വേണുവിലൂടെ പ്രേക്ഷകര്‍ തിയറ്ററുകളില്‍ കാണുകയായിരുന്നു. കാലത്തിനും കഥാസന്ദര്‍ഭങ്ങള്‍ക്കും അനുസൃതമായി സ്വയം പുതുക്കി അഭിനയജീവിതം തുടര്‍ന്ന നെടുമുടി വേണു ഇന്നോളമുള്ള മലയാള സിനിമാ ചരിത്രത്തിന്റെ താളുകളില്‍ ഭൂരിഭാഗം പേജിലും തന്നെ അടയാളപ്പെടുത്തിയിട്ടാണ് മറഞ്ഞത്.
തലമുറ വ്യത്യാസമില്ലാതെ സൂപ്പർസ്റ്റാറുകൾക്കൊപ്പവും, ന്യൂജൻ പിള്ളേർക്കൊപ്പവും വേണു മത്സരിച്ചഭിനയിച്ച ചിത്രങ്ങൾ മലയാള സിനിമയ്ക്ക് നവ്യാനുഭവമായി. മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ നെടുമുടി വേണു പ്രത്യേക പരാമര്‍ശവും മികച്ച വിവരണത്തിനും ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മൂന്ന് വര്‍ഷം മികച്ച നടനായ നെടുമുടി രണ്ട് തവണ മികച്ച രണ്ടാമത്തെ നടനുമായി. സിനിമയിൽ അരങ്ങേറ്റം കുറിച്ച് മരിക്കുന്ന കാലം വരേയും അഭിനയത്തില്‍ അദ്ദേഹം സജീമായിരുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത.
മരണശേഷം പ്രധാനപ്പെട്ട പല ചിത്രങ്ങളും നെടുമുടി വേണു അഭിനയിച്ചതായി പുറത്തിറങ്ങിയത്. മോഹൻലാല്‍ നായകനായ നെയ്യാറ്റിൻകര ഗോപാന്റെ ആറാട്ടും, മരക്കാര്‍: അറബിക്കടലിന്റെ സിംഹവും, മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വവും, പുഴുവും, ഇന്ത്യന്‍ 2വും മനോരഥങ്ങളും എല്ലാം അതില്‍പ്പെടും.
ആലപ്പുഴ ജില്ലയിലെ നെടുമുടിയാണ് നെടുമുടി വേണുവിന്റെ ജന്മദേശം. സ്കൂൾ അദ്ധ്യാപകനായിരുന്ന പി കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി ജനനം. നെടുമുടിയിലെ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ആലപ്പുഴ എസ് ഡി കോളേജിൽ പഠിക്കുന്ന കാലത്ത് സംവിധായകൻ ഫാസിലുമായുണ്ടായ സൗഹൃദം നടനെന്ന നിലയിൽ നെടുമുടി വേണുവിന്റെ സിനിമ ജീവിതത്തിൽ നിർണായകമായി മാറുകയായിരുന്നു. ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ ജീവിക്കുന്ന നെടുമുടി വേണുവിന് മലയാളം മീഡിയ.ലൈവിന്റെ പ്രണാമം.