യുഎൻ സമാധാന സേനയ്ക്ക് നേരെ ഇസ്രായേൽ വെടിവെയ്പ്പ്; ആശങ്കയറിയിച്ച് ഇന്ത്യയും ചൈനയും

തെക്കൻ ലെബനനിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎൻ സമാധാന സേനാംഗങ്ങളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാ താവളത്തിന് നേരെ ഇസ്രായേൽ വെടിവയ്പ്പ് നടത്തിയതിൻ്റെ പിന്നാലെയാണ് ഇന്ത്യ രംഗത്തുവന്നിരിക്കുന്നത്. യുഎൻ പരിസരത്തെ പവിത്രതയെ മാനിക്കേണ്ടതിൻ്റെ ആവശ്യകത ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഓർമിപ്പിച്ചു.

ബ്ലൂ ലൈനിലെ സുരക്ഷാ സ്ഥിതി വഷളാകുന്നതിൽ ആശങ്ക ഉയരുന്നുവെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നതായും മന്ത്രാലയം വ്യക്തമാക്കി. യുഎൻ പരിസരങ്ങളിലെ പവിത്രത എല്ലാവരും ബഹുമാനിക്കണം. യുഎൻ സമാധാന സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അതിനായി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ലെബനനിലെ യുഎൻ കേന്ദ്രത്തിനെതിരായ ഇസ്രായേൽ ആക്രമണങ്ങളെ അന്താരാഷ്ട്രതലത്തിൽ അപലപിച്ചതിനെ തുടർന്നാണ് പ്രസ്താവന.

ഇസ്രായേൽ ശ്രീലങ്കൻ ബറ്റാലിയൻ്റെ താവളം ആക്രമിച്ചതിൽ നിരവധി സമാധാന സേനാംഗങ്ങൾക്ക് പരിക്കേറ്റിരുന്നു. ഇതിനൊപ്പം തന്നെ റാസ് നഖുറയിലെ യൂണിഫിലിന്റെ പ്രധാന താവളവും ഇസ്രായേൽ ലക്ഷ്യമിടുന്നുണ്ടെന്ന് ലെബനൻ്റെ വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

ഇസ്രായേൽ , യൂണിഫിൽ വാച്ച് ടവറിലും റാസ് നഖുറയിലെ കമാൻഡ് സെൻ്ററിൻ്റെ പ്രധാന കവാടത്തിലും നടത്തിയ സൈന്യാക്രമണത്തിലൂടെ ഒരുപാട് നാശ നഷ്ടങ്ങൾ സംഭവിച്ചതായി റിപോർട്ടുകൾ പറയുന്നു. ടയറിനും നഖുറയ്ക്കും ഇടയിലുള്ള പ്രധാന റോഡിലെ മറ്റൊരു യുഎൻ ടവർ ലക്ഷ്യമാക്കി ഇസ്രായേലി മെർക്കാവ ടാങ്ക് ആക്രമണം നടത്തിയത്തായും സൂചനയുണ്ട്.

അതേസമയം ആക്രമണത്തെ അപലപിച്ചുകൊണ്ട് ചൈനയും രംഗത്തെത്തി. സമാധാനപാലകർക്കെതിരായ മനഃപൂർവ്വമുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ചൈന പ്രസ്താവിച്ചു. സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും ചൈന അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments