കരുണയില്ലാ നിലപാട് ; സർക്കാർ ഉദ്യോ​ഗസ്ഥരെ വലച്ച് സർക്കാർ

കൊച്ചി : ആവശ്യത്തിന് ഉദ്യോ​ഗസ്ഥരില്ല ജോലി ചെയ്യാൻ സമയം തികയുന്നില്ല . ജോലി ഭാരം സഹിക്കാവുന്നതിലും അപ്പുറമെന്ന് തദ്ദേശ സ്ഥാപന തൊഴിലാളികൾ. കേരളത്തിലെ ജനങ്ങൾക്ക് പ്രത്യേകിച്ച് സർക്കാർ ഉദ്യോ​ഗസ്ഥർക്ക് സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് നൽകേണ്ടുന്നതെല്ലാം കൃത്യമായി നൽകുന്നുണ്ട് എന്ന് അവകാശപ്പെടുന്ന ധനകാര്യമന്ത്രി കെ.എൻ ബാല​ഗോപാലിന്റെ നാട്ടിൽ തന്നെയാണ് എല്ല് മുറിയെ പണിയെടുത്ത് നരക യാതന അനുഭവിക്കുന്നു എന്ന് പറഞ്ഞ് ഒരു പറ്റം സർക്കാർ ഉദ്യോ​ഗസ്ഥർ രം​ഗത്ത് എത്തുന്നത്.

ജോലി സമ്മർദ്ദത്താൽ ആളുകൾ ജീവനൊടുക്കുന്ന വാർത്തകൾ കേരളത്തിലും സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്നു എന്നിരിക്കെയാണ് അതൊന്നും കണക്കിലെടുക്കാതെ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് മേൽ കടുത്ത ജോലി ഭാരം ഏൽപ്പിച്ച് കൊണ്ടിരിക്കുകയാണ്. പല ‍ഡിപ്പാർട്ട്മെന്റുകളിലും ഉദ്യോ​ഗസ്ഥരുടെ അപര്യാപ്തയുണ്ട് എന്നതാണ് വസ്തുത. 1982 – ലെ സ്റ്റാഫ് പാറ്റേണിലാണ് ഇന്നും തദ്ദേശ സ്ഥാപനങ്ങൾ മുന്നോട്ട് പോകുന്നത്.

അതായത് കഴിഞ്ഞ 42 വർഷം മുമ്പ് ഉണ്ടാക്കിയ സ്റ്റാഫ് പാറ്റേണിലാണ് ഇന്നും കേരളത്തിലെ പല സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് എന്നു പറയുമ്പോൾ തന്നെ എത്രമാത്രം ജോലി ഭാരം അവരിൽ ഉണ്ടാകുന്നുണ്ടെന്നത് ഊഹിക്കാവുന്നതേ ഉള്ളൂ. 42 വർഷങ്ങൾക്ക് മുമ്പുള്ള കേരളമല്ല ഇന്നുള്ളത് എന്നത് ഏത് പിഞ്ച് കുഞ്ഞിനുമറിയാവുന്ന കാര്യമാണ്. അത് കൊണ്ട് തന്നെ അന്നത്തതിനേക്കാൾ ഇരട്ടി ജോലി ഇപ്പോഴുണ്ടാകുകയും ചെയ്യും. കാര്യം സംസ്ഥാനത്തെ മിക്ക സ്ഥാപനങ്ങളും കൂടുതൽ ടെക്നോളജിയുടെ സഹായത്തിലാണ് പ്രവർത്തിക്കുന്നത് എങ്കിൽ പോലും ആ ഡാറ്റകൾ കിട്ടാൻ മാനുവൽ പവർ കൂടിയേ തീരൂ.

എന്ന് വച്ചാൽ പണിയെടുക്കാൻ പണ്ടത്തെക്കാൾ കൂടുതൽ ആളുകൾ വേണമെന്ന്. എന്നാൽ ഇതൊന്നും മനസ്സിലാക്കനോ പരി​ഗണിക്കാനോ ഇവിടുത്തെ സർക്കാർ സംവിധാനങ്ങൾക്ക് സമയമില്ലെന്നത് പറയാതെ വയ്യ. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ അടുത്ത കാലത്തായി ജോലി സമ്മർദ്ദത്തിന്റെ പേരിൽ ഉണ്ടാകുന്ന പൊട്ടിത്തെറികൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ വൈക്കം എഇഒ. ഓഫീസിലെ സീനിയർ സൂപ്രണ്ട് ശ്യാംകുമാർ ആത്മഹത്യ ചെയ്ത വാർത്ത പുറത്ത് വന്നിരുന്നു. എഇഒയുടെ അധിക ചുമതലകൂടി വന്നതോടെ ഉണ്ടായ ജോലിഭാരം മരണത്തിലേക്ക് നയിച്ചു എന്നാണ് ഇതിന് പിന്നാലെ സഹപ്രവർത്തകർ ആരോപണമുന്നയിച്ചത്. ഇത് ശരി വയ്ക്കുന്ന തരത്തിലേക്കുള്ള വിവരങ്ങൾ പുറത്തുവരുകയും ചെയ്തു .

സംസ്ഥാനത്ത് പല വിദ്യാഭ്യാസ ഓഫീസുകളിലും എഇഒമാരും പ്രധാനദ്യാപകരും ഇല്ലാത്ത അവസ്ഥയാണ്. എഇഒമാർക്ക് പകരം സീനിയർ സൂപ്രണ്ടുമാർ അധികച്ചുമതല വഹിക്കുന്നു. ഓഫീസ് ജോലികൾ നിർവഹിക്കേണ്ട സൂപ്രണ്ടുമാര്‍ മേളകളുടെ നടത്തിപ്പുകൾ മുതൽ ദൈനംദിന മീറ്റിങ്ങുകളിൽ വരെ പങ്കെടുക്കേണ്ടി വരുന്നത് വലിയ സമ്മർദം ഉണ്ടാക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. മറുവശത്ത് 200ലധികം സ്കൂളുകളിലാണ് പ്രധാനാധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. ഇവിടെ മുതിർന്ന അധ്യാപകർക്ക് അധിക ചുമതല നൽകിയിരിക്കുന്നു. ഇതുമൂലം അധ്യയനം അടക്കമുള്ള പഠന പ്രവർത്തനങ്ങൾ താളം തെറ്റുന്നു എന്നാണ് പരാതി.

സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും കൃത്യമായി നടക്കാത്തത് മൂലമാണ് ഈ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം പ്രമോഷൻ നടപടികൾ സർക്കാർ തടഞ്ഞു വച്ചിരിക്കുന്നുവെന്നും ആരോപണമുണ്ട്. ഇതൊന്നും അല്ലാതെയുള്ള പരാതികൾ വേറേയും . ഇത്തരത്തിൽ പ്രവർത്തകരുടെ അപര്യാപ്തത മൂലം ഒടുക്കം ഈ വിവരങ്ങളെ കുറിച്ച് പഠിക്കാൻ പ്രത്യാക സംഘത്തെ ചുമതലപ്പെടുത്തണമെന്ന് പറഞ്ഞ് സർക്കാർ ഉദ്യോ​ഗസ്ഥർ തന്നെ രം​ഗത്ത് എത്തിയിരിക്കുകയാണ്. ഇക്കൂട്ടത്തിൽ തദ്ദേശ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരാണ് കൂടുതൽ. സഹപ്രവർത്തകരുടെ അപര്യാപ്തതയിൽ താൽകാലികമായുള്ള പരിഹാരങ്ങൾ കാണുന്നതല്ലാതെ കൃത്യമായി പുതിയ ഉദ്യോ​ഗസ്ഥരെ നിയമിക്കാത്തത് ജോലി സമ്മർദ്ദം കൂട്ടുന്നു എന്ന് അത് വഴി മാനസ്സികസമ്മർദ്ധം വരെ അനുഭവിക്കേണ്ടി വരുന്നു എന്നുമാണ് ഇവരിൽ പലരുടേയും പരാതി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments