ഇന്ത്യ കണ്ട ഏറ്റവും മികച്ച ഒളിമ്പിക് താരങ്ങളിൽ ഒരാളാണ് പി ടി ഉഷ. 1980 ലെ മോസ്കൊ ഒളിംപിക്സിൽ അരങ്ങേറ്റം മുതൽ പിന്നീട് അങ്ങോട്ട് പി ടി ഉഷയെന്ന ഇന്ത്യൻ വനിതയുടെ പോരാട്ടമായിരുന്നു. പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന ഉഷ ഏറ്റവും മികച്ച ഓട്ടക്കാരിയായി മാറുന്നതും ഇന്ത്യ കണ്ടതാണ്.
അർജുന അവാർഡ്, പദ്മശ്രീ, സ്വർണമെഡലുകൾ, തുടങ്ങി നിരവധി അവാർഡുകളും മെഡലുകളും വാരികൂട്ടിയിട്ടുണ്ട്. എന്നാൽ ഇന്നത്തെ ഉഷയുടെ അവസ്ഥ ഏറെ പരിതാപകരമാണ്. 2022 ഡിസംബറിലാണ് പി ടി ഉഷയെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് ആയി നിയമിച്ചത്. ആ നിയമനവും ചരിത്രത്തിൽ ഇടം നേടിയിരുന്നു, ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ്റെ തലപ്പത്ത് ഇരിക്കുന്ന ആദ്യ വനിതാ എന്ന പേരും പി ടി ഉഷ അന്ന് സ്വന്തമാക്കി. എന്നാൽ ഏത് വൻമരവും ഒരിക്കൽ ഇളകും എന്ന പ്രത്യയശാസ്ത്രം ഉഷയുടെ കാര്യത്തിൽ വീണ്ടും വിജയിച്ചു. ഒളിമ്പിക് അസോസിയേഷൻ്റെ ഉള്ളിൽ തന്നെ ഉഷയ്‌ക്കെതിരായുള്ള പടയൊരുക്കങ്ങൾ നടക്കാൻ തുടങ്ങയിട്ട് മാസം 1 കഴിഞ്ഞു.
പുകച്ച് ചാടിക്കൽ എന്തിന് ?
ഐഒഎ അംഗങ്ങളും പ്രസിഡൻ്റും തമ്മിൽ ഏറെ നാളായി അസ്വാരസ്യങ്ങൾ തുടരുകയാണ്. വിജയത്തിൻ്റെ അവസാന ഫലമറിയാൻ 25 നു നടക്കുന്ന ഒളിമ്പിക് അസോസിയേഷൻ പ്രത്യേക ഭരണ സമിതി യോഗം വരെ കാത്തിരിക്കേണം. ഇതിഹാസ താരം സ്വേഛാധിപത്യ രീതിയിൽ ഒളിമ്പിക് അസോസിയേഷനെ കൊണ്ടുപോവുന്നു എന്നാണ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ വാദം.
ബിജെപിയോട് ചേർന്ന് നിന്നത് കൊണ്ടാണ് ഉഷയെ പിടിച്ച് കസേരയിൽ ഇരുത്തിയത് എന്ന പക്ഷക്കാരും ഉണ്ട്. 2015 -16 കാലഘട്ടത്തിലാണ് പി ടി ഉഷ ബിജെപിയോട് രാഷ്ട്രീയമായി താൽപ്പര്യം പ്രകടിപ്പിക്കാൻ ആരംഭിച്ചത്. അതേവർഷം തന്നെ കേന്ദ്ര സ്പോർട്സ് കൗൺസിൽ അംഗമെന്ന പദവിയും ഉഷയെ തേടി വന്നു. അത്ലറ്റിക്‌സുകളെ വളർത്തി എടുക്കാൻ സ്വന്തമായി ഒരു സ്കൂൾ ആരംഭിച്ചാണ് ഉഷ സമൂഹത്തിൻ്റെ മുൻ നിരയിൽ സ്ഥാനം ഉറപ്പിച്ചത്.
ഉഷയും ഭർത്താവ് ശ്രീനിവാസനും വളരെക്കാലമായി ആർഎസ്എസുമായി അടുപ്പത്തിലായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് 2022 ജൂലൈയിൽ ബിജെപി സർക്കാർ പി ടി ഉഷയെ രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്തത്.
സംഘപരിവാർ അജണ്ട പ്രചരിപ്പിക്കുന്നവർക്ക് കേന്ദ്രസർക്കാർ സ്ഥാനമാനങ്ങൾ സമ്മാനിക്കുകയാണെന്ന് പല മുഖ്യധാരാ പാർട്ടികളും ഉഷയുടെ നോമിനേഷൻ ചോദ്യം ചെയ്തു. 2022 ഡിസംബറിൽ രാജ്യസഭയുടെ വൈസ് ചെയർപേഴ്‌സൺമാരിൽ ഒരാളായി പി ടി ഉഷയെ നിയമിച്ചു. കൂടാതെ വൈസ് ചെയർപേഴ്‌സൺ പാനലിലാകുന്ന ആദ്യത്തെ നോമിനേറ്റഡ് എംപിയായും ഉഷമാറി.
പുകഞ്ഞു തീരുന്ന “സ്പ്രിൻ്റ് ക്വീൻ”
ജനുവരിയിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ സിഇഓ ആയി രഘു റാം അയ്യരെ തിരഞ്ഞെടുത്തത് മുതൽ അസോസിയേഷനിൽ പൊട്ടിത്തെറികൾ തുടങ്ങിയിരുന്നു. ആദ്യം സിഇഓ യിൽ തുടങ്ങിയെങ്കിൽ ഇപ്പോൾ അഴിമതി വരെ എത്തി നിൽക്കുകകയാണ് ഉഷക്കെതിരെയുള്ള ആരോപണങ്ങൾ.
വിനേഷ് ഫോഗട്ടിൻ്റെ മെഡൽ നഷ്ടത്തിന് പിന്നാലെയും പി ടി ഉഷക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. മാധ്യമങ്ങൾക്ക് മുൻപിൽ ഉഷ നടത്തിയ വെറും ഷോ മാത്രമാണ് തന്നെ ആശ്വസിപ്പിക്കാൻ എന്ന വ്യാജേന ഉഷ ഹോസ്പിറ്റലിലിൽ എത്തിയതെന്ന് വിനേഷ് തന്നെ തുറന്നു പറഞ്ഞിരുന്നു.
പാരീസ് ഒളിംപിക്‌സിലെ ഹോസ്പിറ്റാലിറ്റി ലോഞ്ചുമായി ബന്ധപ്പെട്ട് റിലയൻസുമായുള്ള കരാറിൽ സിഎജി ഉഷയ്ക്ക് നേരെ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. റിലയൻസിനെ ഉഷ വഴിവിട്ട് സഹായിച്ചെന്നും ഇതുമൂലം ഐഒഎയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സിഎജി ആരോപിച്ചത്. എന്നാൽ, ഈ ആരോപണങ്ങളെല്ലാം ഉഷ തള്ളിക്കളയുകയാണ്.
ഐഒഎ പ്രസിഡണ്ട് ആയി രണ്ട് വർഷം മാത്രം പിന്നിടുമ്പോൾ എക്സിക്യൂട്ടീവുമായുള്ള ഈ ഭിന്നത ഉഷയെ വലിയ രീതിയിൽ തന്നെ തളർത്തും. വരാനിരിക്കുന്ന പ്രത്യേക ഭരണ സമിതി യോഗത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ കസേര തെറിക്കുമോ എന്ന ഭയവും ഉഷയ്ക്കുണ്ട്.