‘എന്ത് വില’ കൊടുത്തും വയനാട് തുരങ്കപാത നടപ്പാക്കാൻ സർക്കാർ നീക്കം

സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയാൽ കോടതിയെ സമീപിക്കുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി.

Wayand Tunnel road

തിരുവനന്തപുരം: ആശങ്കകൾ കണക്കിലെടുക്കാതെ വയനാട് തുരങ്കപാത നിർമ്മിക്കാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ട്. പദ്ധതിക്കായി സംസ്ഥാന സർക്കാർ ഫിനാൻഷ്യൽ ബിഡ് തുറന്നു. മുണ്ടക്കൈ – ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷവും പരിസ്ഥിതി ലോല പ്രദേശത്തെ തുരങ്കപാത പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്ത് വന്നു.

വയനാട് തുരങ്കപാതയുടെ നിർമ്മാണം രണ്ട് പാക്കേജുകളിലായാണ് ടെൻഡർ ചെയ്തിട്ടുള്ളത്. പദ്ധതിക്കായി 2043 കോടി രൂപയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. ഏറ്റെടുക്കേണ്ട ഭൂമിയുടെ 90 ശതമാനവും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്ത് കഴിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇനി പദ്ധതിക്കായുള്ള പാരിസ്ഥിതിക അനുമതിയാണ് വേണ്ടത്. ഇത് എന്ത് വില കൊടുത്തും നടപ്പാക്കാനുള്ള നീക്കമാണ് സർക്കാർ അണിയറയിൽ നടത്തുന്നത്. നിലവിൽ പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷ സംസ്ഥാന തല വിദഗ്ദ്ധ സമിതിയുടെ പരിഗണനയിലാണ്.

നാടിന് ഭീഷണി ആയേക്കാവുന്ന തുരങ്ക പാത പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി. സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയാൽ സാഹചര്യം വിശദീകരിച്ച് കോടതിയെ സമീപിക്കുമെന്ന് സമിതിയുടെ ഭാരവാഹികൾ വ്യക്തമാക്കി. പദ്ധതിക്കായി തുറക്കുന്ന മലകൾ മുൻപ് ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുള്ള ഇടമാണെന്നും സമീപകാല പ്രകൃതി ദുരന്തങ്ങളിൽ നിന്ന് സർക്കാർ പാഠം പഠിക്കുന്നില്ലെന്നും പ്രകൃതി സംരക്ഷണ സമിതി കുറ്റപ്പെടുത്തി.

നാടിനെ നടുക്കിയ വയനാട് ദുരന്തത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ദുരന്തം കഴിഞ്ഞ് രണ്ട് മാസം ആകുമ്പോഴും പുനർനിർമ്മാണ പ്രവർത്തനങ്ങൾ കാര്യമായി നടത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അതിനിടെയാണ് ജനങളുടെ ആശങ്ക വക വയ്ക്കാതെ വയനാട് തുരങ്ക പാതയ്ക്ക് പിന്നാലെ ഇടത് സർക്കാർ നീങ്ങുന്നത്.

കള്ളക്കണക്കുകൾ നിരത്തിയ മെമ്മോറാണ്ടം കേന്ദ്രത്തിന് നൽകിയത് ഉൾപ്പെടെ കേന്ദ്ര ധന സഹായം അനുവദിക്കുന്നതിൽ തിരിച്ചടിയായി. ഒരു മൃതദേഹം സംസ്കരിക്കാൻ 75000 രൂപ വരെയാണ് സർക്കാർ കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടത്തിൽ കാണിച്ചത്. ഇത് പുറത്ത് വന്നത് സർക്കാരിന് നാണക്കേട് ആയിരുന്നു.

അതേസമയം സാങ്കേതികതയുടെ പേരിൽ കേന്ദ്രവും കേരളത്തോട് ‘ചിറ്റമ്മ നയ’മാണ് സ്വീകരിക്കുന്നത് എന്നും വിമർശനം ഉയർന്നിരുന്നു. ആന്ധ്ര, തെലങ്കാന സംസ്ഥാങ്ങൾക്ക് പ്രളയ പുനർനിർമ്മാണ ഫണ്ടിലേക്ക് 3500 കോടിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. എന്നാൽ ആഗസ്റ്റ് 10ന് വയനാട് മുണ്ടക്കൈ ദുരന്ത മേഖല സന്ദർശിച്ച പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്‌ദാനം ചെയ്തിട്ട് രണ്ട് മാസം പിന്നിട്ടു. ഇതുവരെയും കേരളത്തിനുള്ള ധനസഹായം ആദ്യ ഗഡു പോലും കേന്ദ്രം പ്രഖ്യാപിക്കാൻ തയ്യാറായിട്ടില്ല.

യാഥാർഥ്യവുമായി പൊരുത്തപ്പെടാത്ത കണക്കുകൾ കേന്ദ്ര സഹായം ലഭിക്കുന്നതിൽ തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശനം ഉന്നയിച്ചിരുന്നു. രാഷ്ട്രീയ താല്പര്യങ്ങൾ ജനനന്മയെ കണ്ടില്ലെന്ന് നടിക്കുമ്പോൾ വയനാട്ടിൽ ദുരന്തത്തെ അതിജീവിച്ച ജനതയ്ക്ക് അർഹതപ്പെട്ട സഹായം പോലും അനന്തമായി നീളുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments