ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെ ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ കേന്ദ്രത്തോട് രൂക്ഷമായി പ്രതികരിച്ച് എഎപി. പദവി ലഭിക്കാത്തതിനാല്‍ ബിജെപി മുഖ്യമന്ത്രിയുടെ വീട് പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി വ്യക്തമാക്കി. ബിജെപിക്ക് ബംഗ്ലാവേ പിടിച്ചെടുക്കാന്‍ പറ്റു. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ജനങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ഞങ്ങളെ പരാജയപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ബിജെപി ആശങ്കയിലാണ്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ ‘ഓപ്പറേഷന്‍ ലോട്ടസ്’ തുടങ്ങി, പിന്നെ നേതാക്കളെ ജയിലിലടച്ചു, അവര്‍ക്ക് സ്വന്തമായി മുഖ്യമന്ത്രി ഇല്ലായിരുന്നു, അതിനാല്‍ അവര്‍ മുഖ്യമന്ത്രിയുടെ വസതി പിടിച്ചെടുക്കുന്നു.
അതില്‍ അവര്‍ക്ക് സമാധാനം നല്‍കുന്നുവെങ്കില്‍, അത് ചെയ്യാന്‍ അവരെ സ്വാഗതം ചെയ്യുന്നുവെന്ന് അതിഷി ശക്തമായി പരിഹസിച്ചു’വലിയ കാറുകളിലും വലിയ ബംഗ്ലാവുകളിലും ജീവിക്കാന്‍ വേണ്ടിയല്ല ഞങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്, ആവശ്യമെങ്കില്‍ ഞങ്ങള്‍ സര്‍ക്കാര്‍ റോഡില്‍ ഇരുന്നു കൊണ്ട് ജനങ്ങളെ നയിക്കും.രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയുടെ വസതി ഒഴിപ്പിച്ചത്. ബിജെപിയുടെ നിര്‍ദ്ദേശപ്രകാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങള്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് ബലമായി നീക്കം ചെയ്യുകയായിരുന്നു.