തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് അനാവശ്യമായി ആർഎസ്എസ് പേര് വലിച്ചിഴച്ചെന്ന് സംഘടന. ആര്‍എസ്എസിനെതിരെ ഉയര്‍ന്ന പരാമര്‍ശങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഉത്തരകേരള പ്രാന്ത കാര്യവാഹ് പിഎന്‍ ഈശ്വരൻ വ്യക്തമാക്കി.
തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന പരാമര്‍ശം അപലപനീയമാണെന്നാണ് ആർഎസ്എസ് പക്ഷം. ഇതിനാൽ തന്നെ സംഘടനയെ നിയമസഭയിൽ കുറ്റപ്പെടുത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് സംഘടനയുടെ നിലപാട്. ഇത് സംബന്ധിച്ച് ആര്‍എസ്എസ് നേതൃത്വം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കര്‍ എ എന്‍ ഷംസീനും പരാതി നൽകാനും നീക്കമുണ്ട്. ഈ ആരോപണങ്ങള്‍ ഉത്സവങ്ങളെ സംഘര്‍ഷത്തിലേക്കും വിവാദത്തിലേക്കും എത്തിക്കുന്ന ആസൂത്രിത നീക്കങ്ങളുടെ തുടര്‍ച്ചയാണെന്നും ആര്‍എസ്എസ് പ്രസ്താവനയില്‍ പറയുന്നു.
രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കി ആര്‍എസ്എസിനെ ഉപയോഗിക്കരുതെന്നാണ് ആര്‍എസ്എസ് നൽകുന്ന മുന്നറിയിപ്പ്. മന്ത്രിമാരും എംഎല്‍എമാരും പ്രതിപക്ഷ നേതാവും തൃശൂര്‍ പൂര വിവാദത്തില്‍ സഭയില്‍ ആര്‍എസിഎസിനെ വലിച്ചിഴച്ചെന്നും ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിലാണെന്നും പിഎന്‍ ഈശ്വരന്‍ വിമർശിച്ചു.