രത്തൻ ടാറ്റ എന്ന ബിസിനസ്സ് – വ്യവസായ അതികായൻ നിർമ്മിക്കപ്പെട്ടത് വെല്ലുവിളികളെയും തോല്‍വികളെയും അതിജീവിച്ച്. ജെ.ആർ.ഡി. ടാറ്റയുടെ ബിസിനസ്സ് സാമ്രാജ്യം സ്റ്റീൽ, രാസവ്യവസായം, തേയില എന്നിങ്ങനെ പ്രധാനമായും വാണിജ്യചരക്കുകളിലായിരുന്നു. ടെൽക്കോയിൽ കുറച്ച് ആശ്വാസമുണ്ടായിരുന്നെങ്കിലും ബാക്കി ബിസിനസ്സുകൾ ഗ്രൂപ്പ് മുൻനിരയിലായിരുന്നില്ല അന്ന്. ടെക്സ്‌റ്റൈൽ മില്ലുകൾ, ടാറ്റ ഓയിൽ, നെൽക്കോ എന്നിവയ്ക്കെല്ലാം മാർക്കറ്റ് കണ്ടെത്താൻ പോരാടേണ്ടുന്ന ടൈം.
1962ൽ ടാറ്റ സ്റ്റീലിൽ ട്രെയ്‌നിയായി ജോലിയിൽ പ്രവേശിച്ചു. ജെ.ആർ.ഡി ടാറ്റയുടെ പിൻഗാമിയായി 1990ൽ ടാറ്റയുടെ തലപ്പത്തെത്തി. പിൻഗാമിയായി രത്തൻ ടാറ്റയെ തിരഞ്ഞെടുത്തപ്പോൾ മുതൽ തന്നെ കുറ്റപ്പെടുത്തലുകൾ വ്യാപകമായിരുന്നു. ടാറ്റയെ ലോകോത്തര ബ്രാൻഡാക്കി മാറ്റുന്നതിൽ വലിയ സംഭാവനകൾ നൽകിയ രത്തൻ പുതിയ സാങ്കേതിക മേഖലകളിലേക്കു ടാറ്റ കമ്പനികളെ നയിച്ചു. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു.
1971-ൽ നെൽകോയുടെ ചുമതല ഏൽപ്പിച്ചെങ്കിലും രത്തന് അതിൽ ശോഭിക്കാനായിരുന്നില്ല. ടിവി നിർമ്മാണത്തിൽ ബി.പി.എൽ, വീഡിയോകോൺ, ഒനിഡ തുടങ്ങിയ പുതുമുഖങ്ങൾ നെൽകോയെ തറപറ്റിച്ചു മുന്നേറിയിരുന്ന കാലം.
എങ്കിലും, ഉന്നത സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ടാറ്റ ഗ്രൂപ്പിന് ഒരു പുതിയ മുഖച്ഛായ സൃഷ്ടിക്കാനുള്ള ദീർഘവീക്ഷണം ഇതിനകം അദ്ദേഹം പ്രദർശിപ്പിച്ചിരുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തുടക്കം പരാജയത്തിലൂടെയായിരുന്നു. കംപ്യൂട്ടർ നിർമാണത്തിനായി എലെക്‌സി, ബയോ ടെക്‌നോളജിക്കായി പ്ലാന്റെക് തുടങ്ങിയ ഹൈടെക് സംരംഭങ്ങൾ വിദേശത്തു തുടങ്ങാനുള്ള അനുമതി ജെ.ആർ.ഡി. രത്തനു നൽകി. രണ്ടും പരാജയപ്പെട്ടു. കുറ്റപ്പെടുത്തലുകളും പരിഹാസവും ഉയർന്നു.
സുമന്ത് മുൾഗോക്കറിനുശേഷം ടെൽക്കോയിൽ രത്തന് ഉയർന്ന ജോലി നൽകിയപ്പോഴും പലരും ദുരന്തമാണ് പ്രതീക്ഷിച്ചത്. താമസിയാതെ വലിയൊരു വെല്ലുവിളി ടെൽക്കോയിൽ ഉയർന്നു. ചിലപ്പോഴൊക്കെ അക്രമത്തിലേക്കു നീങ്ങിയ തൊഴിലാളി നേതാവായിരുന്ന രാജൻ നായരുടെ നേതൃത്വത്തിൽ നടത്തിയ പണിമുടക്കിന്റെ രൂപത്തിൽ. ദത്താ സാമന്തിനെപ്പോലെ അക്രമാസക്തരായ ട്രേഡ് യൂണിയൻ നേതാക്കൾ ധാരാളമുണ്ടായിരുന്നതിനാൽ വിട്ടുവീഴ്ച്ച ചെയ്യാൻ പലരും ഉപദേശിച്ചു. എന്നാൽ, അദ്ദേഹം ഒത്തുതീർപ്പിന് തയ്യാറായില്ല. അവസാനം സമരം പരാജയപ്പെട്ടു.
ഇതായിരുന്നു രത്തൻ ടാറ്റ ആദ്യത്തെ പ്രധാന ജയം. അതോടെ കളിയാക്കലുകൾ പലതും പ്രശംസകളായി. ചെറുവാണിജ്യ വാഹനങ്ങളുടെ വിപണിയിൽ ടെൽക്കോ പ്രാദേശികമായി വികസിപ്പിച്ചെടുത്ത മോഡലുകൾ ഡി.സി.എം. ടൊയോട്ട, നിസാൻ-ആൽവിൻ, സ്വരാജ് മസ്ദ തുടങ്ങിയ ജപ്പാൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയവയെ എല്ലാം പരാജയപ്പെടുത്തി. സാങ്കേതികവിദ്യയിലൂന്നിയുള്ള അദ്ദേഹത്തിന്റെ വിജയമായിരുന്നു ഇത്.
തനി ‘ദേസി’ കാർ ആയ ഇൻഡിക്ക ഉണ്ടാക്കി ടാറ്റ മോട്ടോഴ്സ് വിപണിയിലെത്തിച്ചത് 1998 ൽ ആയിരുന്നു. ഒരു വർഷത്തിനകം കാർ ബിസിനസ് വിറ്റൊഴിക്കാൻ തീരുമാനിച്ച ടാറ്റ, അമേരിക്കൻ കമ്പനിയായ ഫോഡുമായി ചർച്ച നടത്തി. യുഎസിൽ ഡെട്രോയ്റ്റിലെ ആസ്ഥാനത്തു ചർച്ചയ്ക്കുപോയപ്പോൾ രത്തൻ ടാറ്റ അപമാനം നേരിട്ടു. ‘നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല. നിങ്ങൾ കാർ ഡിവിഷൻ തുടങ്ങിയതേ അബദ്ധം. ഇത് ഞങ്ങൾ ഏറ്റെടുക്കുന്നത് വലിയ സൗമനസ്യമായി കരുതണം.’- ഫോഡ് അധികൃതർ മുഖത്തുനോക്കി പറഞ്ഞത് ഏറെ വിഷമിപ്പിച്ചു.ചർച്ച മൂന്നു വർഷത്തോളം തുടർന്നെങ്കിലും കൈമാറ്റം നടന്നില്ല.
9 വർഷത്തിനുശേഷം, ആഗോള സാമ്പത്തിക മാന്ദ്യകാലം. ഫോർഡിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടനിലെ ആഡംബര കാർ കമ്പനിയായ ജാഗ്വർ- ലാൻഡ് റോവർ (ജെഎൽആർ) നഷ്ടം വാരിക്കൂട്ടിക്കൊണ്ടിരിക്കുന്നു. എങ്ങനെയെങ്കിലും ആ കമ്പനി തലയിൽനിന്ന് ഒഴിവാക്കിയില്ലെങ്കിൽ ഫോർഡ് ഗ്രൂപ്പ് തന്നെ പ്രതിസന്ധിയിലാകുമെന്ന സ്ഥിതി.
അറിയാത്ത പണി ചെയ്യാൻ പോകരുതെന്നും ഞങ്ങൾ ചെയ്യുന്ന ഉപകാരമാണ് കമ്പനി ഏറ്റെടുക്കൽ എന്നുമൊക്കെ ഫോർഡ് ചെയർമാൻ പറഞ്ഞു. അപമാനിതനായി രത്തൻ ടാറ്റ മടങ്ങി. വർഷങ്ങൾ പിന്നിട്ടു. 2000-ൽ ഫോർഡ് കടക്കെണിയിലായി. അന്ന് കമ്പനിയെ രക്ഷിക്കാൻ ജാഗ്വർ ലാൻഡ് റോവറെന്ന ഫോർഡിന്റെ ഉപകമ്പനിയെ ഏറ്റെടുത്ത് ടാറ്റ മധുരപ്രതികാരം വീട്ടി.
കരാർ ഒപ്പുവെക്കാനായി ടാറ്റാ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബോംബെ ഹൗസിൽ എത്തിയ ഫോർഡ് ചെയർമാൻ ബിൽ ഫോർഡ് പറഞ്ഞു. ‘നിങ്ങളുടെ ഈ ഏറ്റെടുക്കൽ ഞങ്ങൾക്ക് വലിയ രക്ഷയാണ്.’ ടാറ്റ 9,300 കോടി രൂപയുടെ ഏറ്റെടുക്കലിലൂടെ ഫോർഡിനെ കടക്കെണിയിൽ നിന്നുകൂടിയാണ് രക്ഷപ്പെടുത്തിയത്. ജാഗ്വറും ലാൻഡ്‌റോവറും ഇപ്പോൾ ടാറ്റയുടെ കാർ വ്യവസായത്തിന്റെ ഭാഗമാണ്. പിന്നീട് ഫോർഡ് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ ഗുജറാത്തിലെ സാനന്ദിലുണ്ടായിരുന്ന ഫാക്ടറിയും ടാറ്റ മോട്ടോഴ്സ് ഏറ്റെടുത്തു.
നൂറിലേറെ രാജ്യങ്ങളിൽ പടർന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചു ടാറ്റയെ മുന്നോട്ടു നയിച്ചു. ജീവകാരുണ്യത്തിനായി വരുമാനത്തിന്റെ വലിയൊരു ഭാഗം നീക്കിവച്ച രത്തൻ ടാറ്റ ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ മുൻകയ്യെടുത്തു. 2000ൽ പത്മഭൂഷണും 2008ൽ പത്മവിഭൂഷണും ലഭിച്ചു.
ഇന്ത്യക്കാർക്കുവേണ്ടി ഇന്ത്യയിൽ ടാറ്റ ഇൻഡിക്കയിറക്കി. സാധാരണക്കാർക്കും കാറോടിച്ചുനടക്കാൻ അവസരമൊരുക്കി ടാറ്റ നാനോ എത്തിച്ചു. ലോകത്തെ ഏറ്റവും വിലകുറഞ്ഞ, കുഞ്ഞൻ കാർ; അന്ന് അതായിരുന്നു നാനോയുടെ വിശേഷണം. സാധാരണക്കാരെ മനസ്സിലോർത്ത് കുറഞ്ഞവിലയിൽ ‘സ്വച്ഛ്’ വാട്ടർ പ്യൂരിഫയറും അദ്ദേഹം കൊണ്ടുവന്നു.
വിദേശകമ്പനികൾ ഏറ്റെടുത്ത് ടാറ്റയെ ആഗോളതലത്തിൽ വളർത്തി. ബ്രിട്ടനിലെ ടെറ്റ്ലി ടീയെ 2000-ത്തിൽ ഏറ്റെടുത്ത് ‘ടാറ്റ ഗ്ലോബൽ ബെവ്റജസ്’ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തേയിലക്കമ്പനിയായി. ദക്ഷിണ കൊറിയയിലെ ദെയ്വു മോട്ടോഴ്‌സ്, ബ്രിട്ടീഷ് ബ്രാൻഡായിരുന്ന ജഗ്വാർ ആൻഡ് ലാൻഡ് റോവർ, ബ്രിട്ടനിലെ കോറസ് ഉരുക്കുകമ്പനി അങ്ങനെ രത്തന്റെ കാലത്ത് ടാറ്റയിൽ ലയിച്ച കമ്പനികളേറെ.
മിത്‌സുബിഷി കോർപറേഷൻ, ജെപി മോർഗൻ ചേസ് തുടങ്ങിയവയുടെ ഉപദേശക സമിതികളിൽ അംഗമായിരുന്നു. 2012 ഡിസംബറിലാണ് ടാറ്റ സൺസ് ചെയർമാൻ പദവിയൊഴിഞ്ഞത്. തുടർന്നു സ്ഥാനമേറ്റ സൈറസ് മിസ്ത്രി അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നു 2016 ൽ പുറത്തായതോടെ ഇടക്കാല ചെയർമാനായി തിരിച്ചെത്തി. 2017 ജനുവരിയിൽ എൻ.ചന്ദ്രശേഖരനു പദവി കൈമാറിയ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി.
കോർപറേറ്റ് വളർച്ചയെ രാഷ്ട്രനിർമാണവുമായി കോർത്തിണക്കിയ വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചന സന്ദേശത്തിൽ കുറിച്ചു. രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള വ്യക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. രത്തൻ ടാറ്റ മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദേശത്തിൽ കുറിച്ചു.