
വൈദ്യുതി ചാര്‍ജ് കൂടുതല്‍ വന്നു, ദുഖം താങ്ങാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു
ഉന്നാവോ: വൈദ്യുതി ചാര്‍ജ് കൂടുതല്‍ വന്നതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദം സഹിക്കാതെ യുവാവ് ആത്മഹത്യ ചെയ്തു. യുപിയിലെ ഉന്നാവോയിലാണ് സംഭവം. കുശാല്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ശുഭം (25)ആണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ശുഭം മരണപ്പെട്ടത്. മൃതദേഹം കണ്ട വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഞങ്ങള്‍ക്ക് ആദ്യം 1,09,021 രൂപ വൈദ്യുതി ബില്ലാണ് ലഭിച്ചത്. മകന്‍ വിവിധ ഓഫീസുകളില്‍ പോയി 16,377 രൂപ അടച്ചു. അതടച്ച് രണ്ടാഴ്ച്ച പോലും ആകുന്നതിന് മുന്‍പ് ഞങ്ങള്‍ക്ക് വീണ്ടും 8,000 രൂപ ബില്ല് വന്നു. കൂലിപണിക്കാരനായ മകന് ഈ തുക എങ്ങനെ അടക്കുമെന്ന് അറിയുമായിരുന്നില്ല. ഈ മാനസിക സംഘര്‍ഷം അവനെ ആത്മഹത്യയിലേയ്ക്ക് നയിച്ചുവെന്ന് മരണപ്പെട്ട യുവാവിന്റെ പിതാവ് മഹാദേവ് പറഞ്ഞു.
2022 മാര്‍ച്ച് 10 ന് ശുഭം പുതിയ വൈദ്യുതി കണക്ഷന്‍ എടുത്തതായി റായ്ബറേലി സോണ്‍ ഇലക്ട്രിസിറ്റി ചീഫ് എഞ്ചിനീയര്‍ ആര്‍പി പ്രസാദ് പറഞ്ഞു. കണക്ഷന്‍ കഴിഞ്ഞ്, ശുഭം രണ്ട് തവണ വൈദ്യുതി ബില്‍ അടച്ചു. ഈ വര്‍ഷം സെപ്റ്റംബറില്‍ ഒരിക്കല്‍ 615 രൂപയും പിന്നീട് 16,377 രൂപയും അടച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, 1,500 യൂണിറ്റിന്റെ ബില്‍ വന്നു. അതേസമയം, ഉപഭോഗം വെറും 35 യൂണിറ്റിന് മാത്രമായിരുന്നു. ഈ സാഹചര്യത്തില്‍, വൈദ്യുതി വകുപ്പിന്റെ ഓഫീസിലെത്തി ബില്‍ ശരിയാക്കാന്‍ മീറ്റര്‍ റീഡര്‍ ശുഭനോട് പറഞ്ഞു. ഒക്ടോബര്‍ 9 ന് ബില്‍ ശരിയാക്കി എന്ന് ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു, എന്നാല്‍ അപ്പോഴേക്കും ശുഭം മരണപ്പെട്ടു. വൈദ്യുതി മന്ത്രി എകെ ശര്‍മ്മ സോഷ്യല്‍ മീഡിയയില്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി പ്രഖ്യാപിക്കുകയും ചെയ്തു.