വനിതാ t20 (women t20 world cup2024) ലോകകപ്പിലെ രണ്ടാം മത്സരം ജയിച്ചെങ്കിലും ഇന്ത്യയ്ക് സെമിയിൽ എത്താൻ കടമ്പകൾ ഏറെ കടക്കണം. ഗ്രൂപ്പ് എ യിൽ രണ്ട് പോയിൻ്റോടെ നാലാമതാണ് ഹർമൻ പ്രീത് കൗറും സംഘവും. ഓരോ കളികളിൽ രണ്ട് വീതം പോയിൻ്റു നേടി ന്യൂസിലാൻഡും ഓസ്‌ട്രേലിയയും ഒന്നും രണ്ടും സ്ഥാനത്തുണ്ട്.
രണ്ട് മത്സരങ്ങൾ കളിച്ച പാക്കിസ്ഥാൻ മുന്നും ശ്രീലങ്ക അഞ്ചും സ്ഥാനത്താണ്. ഇനി നേരിടുന്ന എല്ലാ കളികളിലും ഹർമൻ പ്രീതിനും ഇന്ത്യയ്ക്കും ജയിച്ചേ മതിയാവൂ… അതും നല്ല റൺ റേറ്റ് ഊടുകൂടി. ഗ്രൂപ്പിൽ ആദ്യ രണ്ടിൽ എത്തുന്നവർക്ക് മാത്രമാണ് സെമി.
ഇനി കളിക്കാനുള്ള ശ്രീലങ്കയെയും ഓസ്ട്രേലിയേയും തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് കിട്ടുക 6 പോയിൻ്റാണ്. ഇതുകൊണ്ട് മാത്രം കാര്യമില്ല, മികച്ച റൺ റേറ്റും ഏറ്റവും ചുരുങ്ങിയ ഓവറുകളിൽ കളികൾ എല്ലാം ജയിച്ചെടുക്കണം.
ലങ്കയ്ക്ക് എതിരെ ഇന്ന് ഇറങ്ങും
പാക്കിസ്ഥാനെതിരെ ആറുവിക്കറ്റ് ജയം നൽകിയ ആത്മവിശ്വാസത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ 7.30 നാണു കളി. ആദ്യ രണ്ടു കളിയിലും തോറ്റ, ലങ്കയ്‌ക്കു ഇനി വലിയ പ്രതീക്ഷകളില്ല. ഇന്ത്യയുടെ സെമി സാധ്യതയും ഓസ്ട്രേലിയ,പാക്കിസ്ഥാൻ, ന്യൂസിലാൻഡ് ടീമുകളുടെ മത്സര ഫലം പോലെയാകും.
തിരിച്ചടി
ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പാക്കിസ്ഥാൻ എതിരായ മത്സരത്തിനിടെ പരിക്കേറ്റു പുറത്തേക്കു പോയിരുന്നു. കളി ജയിക്കാനിരിക്കെ കഴുത്തിന് പരിക്കേറ്റു പുറത്തുപോവേണ്ടി വന്ന ക്യാപ്റ്റൻ ഇന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ടീം.
പേസ് ബൗളർ പൂജ വസ്ത്രകാറിനെയും ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്. കഴിഞ്ഞ കളിയിലും പൂജ ഇറങ്ങി ഇരുന്നില്ല. ഓപ്പണർ ആയി ഇറങ്ങുന്ന സ്‌മൃതി കുറച്ചു കൂടി ഫോമിൽ എത്തേണ്ടതുണ്ട്. അവസരം ലഭിച്ച മലയാളീ താരങ്ങൾ കൂടി തകർത്തു കളിച്ചാൽ ഇന്ത്യയ്ക്ക് കപ്പും കൊണ്ട് നാട്ടിലേക്കു പറക്കാം.