ഹരിയാനയിലെ മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ സാവിത്രി ജിന്‍ഡാല്‍, ദേവേന്ദര്‍ കദ്യാന്‍, രാജേഷ് ജൂണ്‍ എന്നിവരുമായി ബിജെപി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തും
ഹരിയാന: എക്‌സിറ്റ് പോളുകളെല്ലാം വെറും ഊഹാപോഹങ്ങളാണെന്നത് ഹരിയാനയുടെ തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ജനങ്ങള്‍ മനസിലാക്കി. ഒട്ടുമിക്ക സര്‍വ്വേകളും ഹരിയാനയില്‍ കോണ്‍ഗ്രസ് ചുവടുറപ്പിക്കുമെന്നും ബിജെപിക്ക് ഹാട്രിക്കടിക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അട്ടിമറി ഫലമാണ് പുറത്ത് വന്നത്. ബിജെപിക്ക് വീണ്ടും ഹരിയാന ലഭിച്ചുവെന്നത് വളരെ ഞെട്ടലുണ്ടാക്കിയ വാര്‍ത്ത തന്നെ ആയിരുന്നു. കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് പോയത്. ഇപ്പോഴിതാ ഹരിയാനയില്‍ ജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ തങ്ങളുടെ പക്കലേയ്ക്ക് എത്തിക്കാന്‍ കടിഞ്ഞാണിട്ട് തുടങ്ങിയിരിക്കുകയാണ് ബിജെപി.
ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയും ബിജെപി എംപി നവീന്‍ ജിന്‍ഡാലിന്റെ അമ്മയുമായ സാവിത്രി ജിന്‍ഡാല്‍ ഉള്‍പ്പെടെ മൂന്ന് സ്വതന്ത്ര ഹരിയാന എംഎല്‍എമാര്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന് പിന്തുണ നല്‍കാനാണ് സാധ്യതയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ജിന്‍ഡാല്‍, ദേവേന്ദര്‍ കദ്യാന്‍, രാജേഷ് ജൂണ്‍ എന്നിവര്‍ ഇന്ന് ബിജെപി ഹൈക്കമാന്‍ഡുമായും സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാനുമായും കൂടിക്കാഴ്ച നടത്തും. ബി.ജെ.പി വിമതനായ കദ്യന്‍ ഗനൗറില്‍ നിന്ന് സ്വതന്ത്രനായി വിജയിച്ചപ്പോള്‍ ജൂണ്‍ തന്റെ ബി.ജെ.പി എതിരാളിയെ പരാജയപ്പെടുത്തി ബഹദൂര്‍ഗഡില്‍ വിജയം ഉറപ്പിച്ചു.
കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞ് മാര്‍ച്ചില്‍ ബിജെപിയില്‍ ചേര്‍ന്ന സാവിത്രി ജിന്‍ഡാല്‍, ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിച്ചു. 48 സീറ്റുകളുമായി പാതിവഴിയില്‍ മുന്നേറുന്ന ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം മൂന്ന് സ്വതന്ത്രരുടെ പിന്തുണ 90 അംഗ നിയമസഭയില്‍ അതിന്റെ ശക്തി വര്‍ദ്ധിപ്പിക്കും. അതേസമയം, മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചതിന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനി തന്നെ രണ്ടാം തവണയും അതേ പദവിയില്‍ തിരിച്ചെത്തുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.